തൃശൂർ-അങ്കമാലി ദേശീയപാതയിൽ മുരിങ്ങൂരിൽ വൻ ഗതാഗതക്കുരുക്ക്, മൂന്നുകിലോമീറ്ററോളം വാഹനങ്ങൾ കുരുങ്ങി

തൃശ്ശൂർ : ദേശീയപാത തൃശ്ശൂർ മുരിങ്ങൂരിൽ വൻ ഗതാഗതക്കുരുക്ക്. എറണാകുളം ഭാഗത്തേക്ക് 3 കിലോമീറ്ററോളം വാഹനങ്ങളുടെ നീണ്ട നിരയാണുള്ളത്. ഒരിഞ്ചു പോലും നീങ്ങാനാകാത്ത സാഹചര്യത്തിൽ വാഹനങ്ങൾ കുരുങ്ങിക്കിടക്കുകയാണ്. എയർപോർട്ടിലടക്കം പോകാൻ ആളുകൾ ആശ്രയിക്കുന്ന പ്രധാന പാതയാണിത്. ഇവിടെ ഇത്തരത്തിൽ അതിരൂക്ഷമായ ഗതാഗതക്കുരുക്കുണ്ടായിരിക്കുന്നത്.
മുരിങ്ങൂർ മുതൽ തുടങ്ങിയ ഗതാഗതക്കുരുക്ക് പോട്ട വരെ നീണ്ടുകിടക്കുകയാണ്. അടിപ്പാത നിർമ്മാണം നടക്കുന്ന പാതയുടെ സർവീസ് റോഡ് അറ്റകുറ്റപ്പണി നടത്താത്തതാണ് രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണം. നിർമാണ സ്ഥലത്തിന് അടുത്തായി ഒരു തടി ലോറി മറിയുകയും ചെയ്തതോടെ സ്ഥിതിഗതി ഗുരുതരമായി. ഗതാഗതക്കുരുക്ക് കാരണം ഹൈക്കോടതി ഇടപെട്ട് ഒരു മാസത്തേക്ക് പാലിയേക്കരയിൽ ടോൾ നിർത്തിവച്ചിരുന്നു. സുപ്രീംകോടതിയും അതിരൂക്ഷമായ ഭാഷയിൽ വിമർശനം ഉന്നയിച്ചിരുന്നു. കുരുക്കഴിക്കാൻ ദേശീയപാത അതോറിറ്റിയും കരാർ കമ്പനിയും ഒന്നും ചെയ്യുന്നില്ലെന്നാണ് ആരോപണം.