അന്തർദേശീയം

കാനഡയില്‍ “സോംബി” രോഗം പടരുന്നു; ഇറച്ചി കഴിക്കരുതെന്ന് ആരോഗ്യപ്രവര്‍ത്തകര്‍; രാജ്യത്തെ മാനുകളുടെ എണ്ണവും കുത്തനെ കുറഞ്ഞു; ആശങ്ക


ഒട്ടാവ: കാനഡയില്‍ സോംബി രോഗം പടരുന്നു. കാനഡയിലെ ആല്‍ബര്‍ട്ട, സാസ്‌കച്വാന്‍ എന്നീ മേഖലകളിലാണ് സോംബി രോഗം പടര്‍ന്ന് പിടിക്കുന്നത്.
രോഗം ബാധിച്ച്‌ നിരവധി മാനുകള്‍ചത്തതായി ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. മനുഷ്യരിലേക്ക് പടരാന്‍ സാധ്യതയുള്ളതിനാല്‍ മാനിറച്ചി കഴിക്കരുതെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

‘ക്രോണിക് വേസ്റ്റിംഗ് ഡിസീസ്’ (സിഡിസി) എന്നതാണ് സോംബി രോഗത്തിന്റെ ശാസ്ത്രീയ നാമം. അകാരണമായി ശരീരഭാരം കുറയുന്നതാണ് സോംബി ഡിസീസിന്റെ ആദ്യ ലക്ഷണം. തല താഴ്ത്തി നടക്കല്‍, വിറയല്‍, മറ്റ് മൃഗങ്ങളുമായി അടുക്കാതിരിക്കുക, ഉമിനീര് ഒലിക്കുക, അടിക്കടി മൂത്രമൊഴിക്കുക തുടങ്ങിയ ലക്ഷണങ്ങളും പ്രകടമാകും. മാനുകള്‍, മൂസ്, റെയിന്‍ഡീര്‍, എല്‍ക്, സിക ഡിയര്‍ എന്നീ മൃഗങ്ങളെയാണ് ഈ രോഗം പ്രധാനമായും ബാധിക്കുന്നത്.

ഇതുവരെ ഈ രോഗം മനുഷ്യരിലേക്ക് പടര്‍ന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പക്ഷേ രോഗമുള്ള മാനിന്റെ ഇറച്ചി കഴിക്കുന്നത് രോഗം മനുഷ്യരിലേക്ക് പടരാന്‍ കാരണമായേക്കാമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ഒപ്പം അസുഖം ബാധിച്ച മാനിന്റെ മൃതദേഹം അലക്ഷ്യമായി കൈകാര്യം ചെയ്യുക, അവയുടെ സ്രവങ്ങളുമായി സമ്ബര്‍ക്കം വരിക എന്നിവയും രോഗത്തിന് കാരണമായേക്കാമെന്ന് ശാസ്ത്രലോകം ആശങ്കപ്പെടുന്നു. മനുഷ്യരോടുള്ള മാനുകളുടെ പേടിയും സോംബി രോഗം ബാധിച്ചാല്‍ നഷ്ടപ്പെടും. മാരകമായ രോഗമാണെങ്കിലും ഇതിനിതുവരെ മരുന്ന് കണ്ടെത്തിയിട്ടില്ലെന്നുള്ളത് ആരോഗ്യമേഖലയില്‍ ആശങ്കയുണര്‍ത്തുന്നുണ്ട്. 1960കളിലും അമേരിക്കയില്‍ സോംബി രോഗം സ്ഥിരീകരിച്ചു. പിന്നീട് 2005ല്‍ ആല്‍ബര്‍ട്ടയിലും ഈ രോഗം കണ്ടെത്തിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button