രോഗം വന്ന നായ്ക്കളെയും പൂച്ചകളെയും സോസേജാക്കി വിറ്റു- വൈറൽ വാർത്ത തെറ്റെന്ന് മാൾട്ട ആരോഗ്യ മന്ത്രാലയം

പൂച്ചകളെയും നായ്ക്കളെയും സോസേജ് മാംസമാക്കി വിറ്റുവെന്ന പ്രചാരണത്തില്‍ കഴമ്പില്ലെന്ന് മാള്‍ട്ട ആരോഗ്യ മന്ത്രാലയം. ഗോസോയിലെ കശാപ്പുകാരനെക്കുറിച്ചായിരുന്നു
സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചാരണം നടന്നത്. രോഗം വന്ന നായ്ക്കളെയും പൂച്ചകളെയും സോസേജാക്കി വിറ്റുവെന്ന വാര്‍ത്ത ഇന്നലെയാണ് മാള്‍ട്ടയില്‍ കാട്ടുതീ പോലെ പടര്‍ന്നത്. വാരാന്ത്യത്തില്‍ കശാപ്പുകാരനില്‍ നിന്നും വാങ്ങിയ സോസേജ് കഴിച്ച നിരവധി പേര്‍ രോഗബാധിതരായി എന്ന പ്രചാരണം കൂടി നടന്നതോടെ ആളുകള്‍ പരിഭ്രാന്തരായി.
എന്നാല്‍, ഈ അവകാശവാദങ്ങള്‍ എല്ലാം തെറ്റാണെന്നാണ് ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ തെളിഞ്ഞത്. ആരോപണത്തില്‍ പരാമര്‍ശിക്കുന്ന ഇറച്ചികടകളില്‍ ആരോഗ്യ-പരിസ്ഥിതി ഡയറക് ട്രേറ്റ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയെങ്കിലും അവ പ്രവര്‍ത്തിക്കുന്നില്ലെന്ന് തെളിഞ്ഞു.പോലീസ്, വെറ്ററിനറി സര്‍വീസസ് ഡയറക്ടറേറ്റ്, എന്‍വയോണ്‍മെന്റല്‍ ഹെല്‍ത്ത് ഡയറക്ടറേറ്റ് എന്നിവരടങ്ങിയ സംഘമാണ് ഇന്നലെ ഉച്ചയോടെ ഗോസോയിലെ വിവിധ സ്ഥലങ്ങളില്‍ കശാപ്പുകാരനുമായി ബന്ധപ്പെട്ട് പരിശോധന നടത്തി.
‘മാള്‍ട്ടീസ് സോസേജ് ഉല്‍പ്പാദിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കഥകളില്‍ തെളിവുകളോ ഉപകരണങ്ങളോ കണ്ടെത്തിയില്ല,’ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കശാപ്പുകാരന്റെ കുടുംബത്തിലെ അംഗങ്ങളും കിംവദന്തികളെ ശക്തമായി നിഷേധിച്ചു, ഏതാനും ആഴ്ചകളായി കിംവദന്തികള്‍ പ്രചരിക്കുന്നുണ്ടെന്ന് അവര്‍ സ്ഥിരീകരിച്ചു, എന്നാല്‍ അവ എങ്ങനെ അല്ലെങ്കില്‍ എന്തുകൊണ്ട് ആരംഭിച്ചുവെന്ന് തങ്ങള്‍ക്ക് അറിയില്ല. എന്തിനധികം, ”ഒരു ദശാബ്ദത്തിലേറെയായി ഇറച്ചിക്കട അടഞ്ഞുകിടക്കുകയാണ്, അപ്പോള്‍ അവര്‍ പറയുന്ന കാര്യങ്ങള്‍ ഞങ്ങള്‍ എങ്ങനെ ചെയ്യും ? കുടുംബാംഗങ്ങള്‍ ചോദിച്ചു.