സൂപ്പർമാർക്കറ്റിൽ മോഷണം : കൊളംബിയൻ പൗരനെ നാടുകടത്താൻ മാൾട്ടീസ് കോടതി വിധി

സൂപ്പർമാർക്കറ്റിൽ നിന്നും മോഷണം നടത്തിയ കൊളംബിയൻ പൗരനെ നാട് കടത്താൻ മാൾട്ടീസ് കോടതി വിധി.
സ്വീക്കി സൂപ്പർമാർക്കറ്റിൽ നിന്ന് മോഷ്ടിച്ചതായി കുറ്റസമ്മതം നടത്തിയ 21 വയസ്സുള്ള കൊളംബിയൻ പൗരൻ ഹെൽമാൻ ഡേവിഡ് ഗിരാൾഡോ ഒയോളയെയാണ് അടുത്തയാഴ്ച നാടുകടത്തുക. പ്രതിയിൽ നിന്നും €1,200 പിഴ ഈടാക്കാനും അതിൽ €200 സൂപ്പർമാക്കറ്റിനു നൽകാനുമാണ് മജിസ്ട്രേറ്റ് ക്ലെയർ സ്റ്റാഫ്രയ്സ് സാമിറ്റിന്റെ വിധി. അറസ്റ്റ് ചെയ്യുമ്പോൾ ഉണ്ടായ കയ്യാങ്കളിയിൽ ഒയോള ഒരു പോലീസുകാരന് പരിക്കേൽപ്പിച്ചിരുന്നു. മാർച്ച് 10 ന് ഗ്രീൻസ് സൂപ്പർമാർക്കറ്റിൽ നിന്ന് ഒയോള ഒരു ബാഗ് പലചരക്ക് സാധനങ്ങൾ മോഷ്ടിച്ചു. എട്ട് ദിവസത്തിന് ശേഷം അതേ സൂപ്പർമാർക്കറ്റിൽ വെച്ച് പോലീസ് ഒയോളയെ കാണുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. പിന്നീട് പ്രതി കുറ്റസമ്മതം നടത്തി. പിഴ പ്രതിയുടെ കുടുംബത്തിൽ നിന്നും ഈടാക്കണമെന്നും പിഴ അടയ്ക്കാൻ തിങ്കളാഴ്ച വരെ സമയം നൽകാനും കോടതി ഉത്തരവിട്ടു.