യൂറോപ്യൻ യൂണിയനിലെ ഏറ്റവും അസംതൃപ്തരായ യുവാക്കളുള്ളത് മാൾട്ടയിൽ
യൂറോപ്യൻ യൂണിയനിലെ ഏറ്റവും അസംതൃപ്തരായ യുവാക്കളുള്ളത് മാൾട്ടയിലെന്ന് വേൾഡ് ഹാപ്പിനെസ് ഇൻഡക്സ്. ഇന്നലെ പുറത്തുവന്ന പുതിയ കണക്കെടുപ്പിലാണ് 30 വയസിൽ താഴെയുള്ള മാൾട്ടയിലെ യുവാക്കൾ കടുത്ത അസംതൃപ്തിയിലാണെന്ന റിപ്പോർട്ട് വന്നത്. മൊൾഡോവ , എൽ സാൽവർഡോർ എന്നീ കുറ്റകൃത്യങ്ങൾ കൂടുതലുള്ള രാജ്യങ്ങളെക്കാൾ പിന്നിലാണ് മാൾട്ടയുടെ യുവാക്കളുടെ സംതൃപ്തിയുടെ അളവ്. 57 ആം റാങ്ക്-ഇതാകട്ടെ യൂറോപ്യൻ യൂണിയനിലെ ഏറ്റവും മോശപ്പെട്ട റാങ്കുമാണ്.
7.76 സ്കോർ ഉള്ള ലിത്വാനിയയാണ് റാങ്കിങ്ങിൽ ഏറ്റവും മുന്നിൽ. മാൾട്ടയിലെ യുവാക്കൾ 6.45 സ്കോറാണ് നേടിയത്. ഇതാകട്ടെ 2006-10 കാലഘട്ടത്തിൽ മാൾട്ടീസ് യുവാക്കൾ നേടിയ സ്കോറിനേക്കാൾ 0 .04 സ്കോർ കുറവുമാണ്. അസംതൃപ്തിയുടെ കാരണങ്ങൾ സർവേയിൽ പങ്കുവെക്കുന്നില്ല, എന്നാൽ, ജോലി സാധ്യതയിലെ അപര്യാപ്തതകൾ മുതൽ വിദേശത്ത് ജീവിക്കാനുള്ള ആഗ്രഹം വരെ ഈ അസംതൃപ്തിക്ക് കാരണമായി എന്നാണു കരുതുന്നത്. മാൾട്ടയിലെ 60% യുവാക്കളും മറ്റേതെങ്കിലും രാജ്യത്ത് താമസിക്കാനാണ് ഇഷ്ടപ്പെടുന്നതെന്ന് മുൻപ് നടന്ന പഠനങ്ങളിൽ വെളിവായിരുന്നു. എങ്കിലും അമേരിക്ക, കാനഡ, ജപ്പാൻ, മറ്റു ഏഷ്യൻ ആഫ്രിക്കൻ രാജ്യങ്ങളെക്കാൾ മെച്ചമാണ് മാൾട്ടയിലെ യുവാക്കളുടെ ഹാപ്പിനെസ് ഇൻഡക്സ്.
മാൾട്ടയിലെ യുവാക്കൾ കൂടുതൽ അസംതൃതരായി തീരുകയാണെന്ന് പറയുമ്പോൾ തന്നെ, മറ്റ് എല്ലാ പ്രായ വിഭാഗങ്ങളും 15 വർഷങ്ങൾക്ക് മുമ്പ് ഉണ്ടായിരുന്നതിനേക്കാൾ സന്തുഷ്ടരാണെന്നതാണ് വസ്തുത. 45 നും 59 നും ഇടയിലുള്ള പ്രായത്തിലുള്ളവരുടെ ഹാപ്പിനെസ് ഇൻഡക്സ് 2006-2010 കാലയളവിനേക്കാൾ ഏകദേശം 0.8 കൂടുതൽ ഉയർന്നു. 60 വയസ്സിന് മുകളിലുള്ളവർ 0.6 കൂടുതൽ സ്കോർ ചെയ്തു. ഈ കാലയളവിൽ മാൾട്ടയുടെ മൊത്തത്തിലുള്ള ഹാപ്പിനെസ് ഇൻഡെക്സും ഏകദേശം 0.4 വർദ്ധിച്ചു.
- ഉദാരതയും ആയുർ ദൈർഘ്യവും കൂടുതലാണ് മാൾട്ടയിൽ.ദാനധർമ്മ പ്രവർത്തനങ്ങൾക്കും (3rd) ആരോഗ്യമുള്ള ജീവിത ദൈർഘ്യത്തിനും (13th) വളരെ മുന്നിലാണ്
- സർക്കാറിന്റെ സുതാര്യതയെക്കുറിച്ചുള്ള ധാരണ മോശമാണ്. അഴിമതി, സുതാര്യത ഇക്കാര്യങ്ങളിൽ മാൾട്ടയുടെ സ്ഥാനം താഴെയാണ് (77th).