മാൾട്ടാ വാർത്തകൾ
യുദ്ധ ഇരകളായ പലസ്തീനിയൻ കുട്ടികൾക്ക് ചികിത്സാ സൗകര്യമൊരുക്കുമെന്ന് മാൾട്ട പ്രധാനമന്ത്രി
വ്യോമാക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സ തേടിയെത്തിയ സെലാക്ക് ചികിത്സ ഉറപ്പാക്കിയ മാതൃക പിൻപറ്റിയാണ് നടപടി
യുദ്ധ ഇരകളായ പലസ്തീനിയൻ കുട്ടികൾക്ക് ചികിത്സാ സൗകര്യമൊരുക്കുമെന്ന് മാൾട്ട പ്രധാനമന്ത്രി. ഇസ്രായേൽ വ്യോമാക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് മാൾട്ടയിൽ ചികിത്സ തേടിയെത്തിയ സെലായുടെ മാതൃകയിൽ കൂടുതൽ കുട്ടികൾക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുമെന്നാണ് പ്രധാനമന്ത്രി റോബർട്ട് അബേല സിഗ്ഗിവിയിലെ പാർട്ടി റാലിയിൽ പ്രഖ്യാപിച്ചു.
ഇസ്രായേൽ വ്യോമാക്രമണത്തിൽ മാതാവിനെയും സഹോദരനെയും നഷ്ടമാകുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത ശേഷമാണ് സെലായെ ചികിത്സക്കായി മാൾട്ടയിലേക്ക് എത്തിച്ചത്. യുദ്ധമുഖത്തെ താൽക്കാലിക ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയ പരാജയപ്പെട്ടതോടെ മാൾട്ടയിലെ പലസ്തീൻ എംബസിയുടെ അഭ്യർത്ഥന പ്രകാരം കുട്ടിക്ക് വേണ്ട ചികിത്സാ സൗകര്യം ഉറപ്പാക്കാൻ മാൾട്ട സർക്കാർ തീരുമാനിക്കുകയായിരുന്നു. സഹായം വേണ്ട ഘട്ടത്തിൽ അറച്ച് നിൽക്കാതെ അത് നൽകാൻ മാൾട്ടീസ് ജനത കൂടെ നിൽക്കുമെന്ന് അറിയാം, കാരണം അതാണ് ഞാൻ വിശ്വസിക്കുന്ന മാൾട്ട-പ്രധാനമന്ത്രി പറഞ്ഞു. ഉക്രെയിന് നൽകിയ പിന്തുണ മാതൃകയാക്കി കൂടുതൽ പലസ്തീനിയൻ കുട്ടികളിലേക്ക് കരുണാഹസ്തം നീട്ടുമെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത് .