കാറോടിക്കാനുള്ള പ്രായം 17 ആക്കാനുള്ള ഇയു നീക്കത്തിനെതിരെ മാൾട്ട

കാർ ഡ്രൈവർമാരുടെ പ്രായപരിധി 17 ആയി കുറക്കാനായുള്ള യൂറോപ്യൻ യൂണിയൻ നീക്കത്തിനെതിരെ നിലപാടെടുക്കുമെന്ന് മാൾട്ട. ഇയു നിയമം തടയാൻ സർക്കാർ അതിന്റെ അധികാര പരിധിയിൽ നിന്ന് എല്ലാം ചെയ്യുമെന്ന് ക്രിസ് ബോണറ്റ് ശനിയാഴ്ച പറഞ്ഞു.എന്നിരുന്നാലും, യൂറോപ്യൻ യൂണിയൻ തീരുമാനമെടുത്താൽ മാൾട്ടക്കും ഈ നിർദ്ദേശം ബാധകമാകുമെന്ന് ഗതാഗത മന്ത്രി സമ്മതിച്ചു.
‘അക്കമ്പനിഡ് ഡ്രൈവിംഗ് സ്കീം’ എന്ന് വിളിക്കപ്പെടുന്ന ഈ പദ്ധതി പ്രകാരം 17 വയസ്സുള്ളവർക്ക് ഒരു മുതിർന്നയാൾ ഒപ്പമുണ്ടെങ്കിൽ വാഹനമോടിക്കാൻ അനുവദിക്കും. യൂറോപ്യൻ യൂണിയൻ ഈ നിർദ്ദേശം പൂർത്തിയാക്കാനുള്ള നീക്കത്തിലാണ്. “മാൾട്ട ഇതിനെതിരെയായിരുന്നു, ഇപ്പോഴും എതിർക്കുന്നു, എതിർക്കും… എന്നാൽ ഈ നിർദ്ദേശം യോഗ്യതയുള്ള ഭൂരിപക്ഷ വോട്ടിംഗിലൂടെ പാസാക്കും, അതായത് നിയമത്തിനെതിരെ വോട്ട് ചെയ്യാൻ കഴിയുമെങ്കിലും, നിയമം പാസായാൽ നടപ്പിലാക്കാൻ മാൾട്ടക്ക് ബാധ്യസ്ഥത ഉണ്ട് “. ഗതാഗത മന്ത്രി സമ്മതിച്ചു. കാറുകൾ, മോട്ടോർ സൈക്കിളുകൾ തുടങ്ങിയ മിക്ക വിഭാഗങ്ങൾക്കും മാൾട്ടയിൽ ഡ്രൈവിംഗ് ലൈസൻസ് നേടുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായം 18 വയസ്സാണ്.