സിറിയയിൽ നിന്നുള്ള അഭയാർത്ഥി അപേക്ഷകൾക്ക് മാൾട്ടയിൽ വിലക്ക്
സിറിയയില്‍ നിന്നുള്ള അഭയാര്‍ത്ഥി അപേക്ഷകള്‍ക്ക് മാള്‍ട്ടയില്‍ വിലക്ക്. മുന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ പതനത്തിന് ശേഷമാണ് സിറിയക്കാര്‍ക്കുള്ള അഭയ അപേക്ഷകളുടെ പ്രോസസ്സിംഗ് താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ മാള്‍ട്ട തീരുമാനിച്ചത്. ജര്‍മ്മനി, ഗ്രീസ്, യുകെ എന്നി രാജ്യങ്ങള്‍ ഇത്തരം വിലക്ക് പ്രഖ്യാപിച്ചതിനെത്തുടര്‍ന്നാണ് മാള്‍ട്ടീസ് ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രഖ്യാപനം.
അഭയ അപേക്ഷകള്‍ക്ക് ഉത്തരവാദികളായ ഇന്റര്‍നാഷണല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി ‘സിറിയന്‍ പൗരന്മാരുടെ അന്താരാഷ്ട്ര സംരക്ഷണത്തിനായുള്ള തീര്‍പ്പുകല്‍പ്പിക്കാത്തതും പുതിയതുമായ അഭയ അപേക്ഷകളുടെ പരിശോധന താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്ന്’ ആഭ്യന്തര മന്ത്രാലയം പറഞ്ഞു. അപേക്ഷാ സസ്‌പെന്‍ഷനുകളുടെ തരംഗത്തോട് പ്രതികരിച്ച ആംനസ്റ്റി ഇന്റര്‍നാഷണല്‍, തീരുമാനങ്ങള്‍ മാറ്റാന്‍ യൂറോപ്യന്‍ രാജ്യങ്ങളോട് അഭ്യര്‍ത്ഥിച്ചു. മാള്‍ട്ടയിലെ എന്‍ജിഒ സിറിയന്‍ സോളിഡാരിറ്റിയുടെ കണക്കനുസരിച്ച് 2011 ലെ സിറിയന്‍ ആഭ്യന്തര സംഘട്ടനത്തിന് മുമ്പ് അവരുടെ മാള്‍ട്ടയിലെ സാന്നിധ്യം നൂറുകണക്കിന് മാത്രമായിരുന്നു. എന്നാല്‍, 2022 ആകുമ്പോഴേക്കും അത് 6,500 ആയി ഉയര്‍ന്നു. യൂറോപ്യന്‍ കൗണ്‍സില്‍ ഓണ്‍ റെഫ്യൂജീസ് ആന്‍ഡ് എക്‌സൈല്‍സിന്റെ കണക്കുകള്‍ പ്രകാരം, കഴിഞ്ഞ വര്‍ഷം ലഭിച്ച 600 അഭയാര്‍ത്ഥി അഭ്യര്‍ത്ഥനകളില്‍ 119 എണ്ണം സിറിയന്‍ പൗരന്മാരില്‍ നിന്നാണ്.