അത്യാഹിത വിഭാഗത്തില്‍ അസൗകര്യം, മാറ്റര്‍ ഡേ ആശുപത്രിയില്‍ നവീകരണ നീക്കവുമായി മാള്‍ട്ടീസ് സര്‍ക്കാര്‍
മാറ്റര്‍ ഡേ ആശുപത്രിയിലെ എമര്‍ജന്‍സി റൂമില്‍ രോഗികള്‍ക്കുള്ള മെഡിക്കല്‍ അറ്റന്‍ഷന്‍ വൈകുന്നതായി റിപ്പോര്‍ട്ട്. എട്ടുമുതല്‍ പത്തുമണിക്കൂര്‍ സമയം വരെയാണ് നിലവില്‍ ആശുപത്രിയുടെ എമര്‍ജന്‍സി ഡിപ്പാര്‍ട്‌മെന്റില്‍ ഡോക്ടറുടെ സേവനത്തിനായി രോഗികള്‍ കാത്തിരിക്കേണ്ടി വരുന്നത്. ഈ സാഹചര്യത്തില്‍ ആശുപത്രി നവീകരണത്തിനുള്ള നീക്കം ആരംഭിച്ചതായി ആരോഗ്യമന്ത്രി ജോ എറ്റിയെന്‍ അബെല ടൈംസ് ഓഫ് മാള്‍ട്ടക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ഈ മാസം തന്നെ നവീകരണ പ്രവര്‍ത്തന പദ്ധതി പ്രഖ്യാപിക്കുമെന്നാണ് വിവരം.
നിലവില്‍ അത്യാഹിത വിഭാഗത്തില്‍ എത്തുന്ന രോഗികള്‍ക്കുള്ള പ്രോസസിംഗ് പൂര്‍ണ്ണമാക്കാനായി 10 മണിക്കൂര്‍ വരെ കാത്തിരിക്കേണ്ടിവരുന്നുണ്ടെന്ന് മാള്‍ട്ട യൂണിയന്‍ ഓഫ് മിഡ്വൈവ്സ് ആന്‍ഡ് നഴ്സസ് പ്രസിഡന്റ് പോള്‍ പേസ് വെളിപ്പെടുത്തിയിരുന്നു. അത്യാഹിത വിഭാഗത്തില്‍ എത്തി ഒരു ഡോക്ടര്‍ രോഗിയെ കാണുന്നതുവരെയോ അഡ്മിഷനോ- വീട്ടിലേക്ക് മടങ്ങലോ നിര്‍ണയിക്കുന്നതോ എല്ലാം അടങ്ങുന്ന സമയമാണ് പ്രോസസിംഗ് ടൈം.മാറ്റര്‍ഡി ആശുപത്രിയില്‍ ഈ സമയം വൈകുന്നതിന്റെ കാരണം രോഗികളുടെ എണ്ണത്തിന് അനുസൃതമായി സൗകര്യങ്ങള്‍ മെച്ചമാകാത്തത് മൂലമാണ്. വേണ്ടത്ര ബെഡുകളോ, ക്യൂബിക്കിളുകളോ അത്യാഹിത വിഭാഗത്തില്‍ ഇല്ല.മാറ്റര്‍ഡീയിലെ സ്ഥല-സമയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ മള്‍ട്ടി-ഫേസ് ആക്ഷന്‍ പ്ലാണ് സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ടെന്നാണ് ആരോഗ്യ മന്ത്രിയുടെ പക്ഷം. 70 ക്യൂബിക്കില്‍ വരുന്ന പുതിയ മുറി നിര്‍മിക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി. അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തിലെ ഓഫീസ് നിലവിലെ ഇടത്തു നിന്നും മാറ്റി അത്യാഹിത വിഭാഗം വിപുലീകരിക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്ന് മന്ത്രി പറഞ്ഞു.