ഇനി ലാപ്‌ടോപ്പും ദ്രാവകങ്ങളും ഹാന്‍ഡ് ബാഗേജില്‍ നിന്നും മാറ്റണ്ട, മാള്‍ട്ട വിമാനത്താവളത്തില്‍ പുതിയ 3D സ്‌കാനറായി
ഈ സ്‌കാനര്‍ ഉപയോഗിക്കുന്ന ആദ്യ യൂറോപ്യന്‍ രാജ്യമാണ് മാള്‍ട്ട
മാള്‍ട്ട അന്താരാഷ്ട്ര വിമാനത്താവളത്തിലെ ബാഗേജ് സ്‌കാനിങ് കൂടുതല്‍ ആധുനീകവല്‍ക്കരിക്കുന്നു. പുതിയ 3D സുരക്ഷാ സ്‌കാനറാകും ഇനി മാള്‍ട്ട വിമാനത്താവളത്തില്‍ ഉപയോഗിക്കുക. ഇതോടെ യാത്രക്കാര്‍ക്ക് ഹാന്‍ഡ് ബാഗേജില്‍ ഇലക്ട്രോണിക് ഉപകരണങ്ങളും ലാപ്‌ടോപ് അടക്കമുള്ള ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും
കൊണ്ടുപോകാനാകും. ഈ സ്‌കാനര്‍ ഉപയോഗിക്കുന്ന ആദ്യ യൂറോപ്യന്‍ രാജ്യമാണ് മാള്‍ട്ട. ഏഴു രാജ്യങ്ങള്‍ ഈ സംവിധാനം നടപ്പാക്കാനുള്ള നീക്കത്തിലാണ്.
വേഗതയേറിയ സുരക്ഷാ ക്ലിയറന്‍സും സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യാതെയുള്ള യാത്രയും സമ്മാനിക്കാന്‍ തരത്തിലുള്ളതാണ് പുതിയ 3D സ്‌കാനര്‍. നിലവില്‍ ഒരു ബാഗേജ് ചെക്കിങ് പോയിന്റിലാണ് ഈ സ്‌കാനര്‍ ഉണ്ടാകുക. ഈ വര്ഷം അവസാനത്തോടെ എല്ലാ ചെക്കിങ് പോയിന്റുകളിലും ഈ സ്‌കാനര്‍ വരുമെന്ന് മാള്‍ട്ട ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (എംഐഎ) സിഇഒ അലന്‍ ബോര്‍ഗ് പറഞ്ഞു. ഓരോ സ്‌കാനറിനും ഏകദേശം €500,000 വിലവരും, ആറ് സ്‌കാനറുകള്‍ക്കായി ഈ വര്ഷം ഏകദേശം 3 ദശലക്ഷം യൂറോയുടെ നിക്ഷേപമാണ് മാള്‍ട്ട എയര്‍പോര്‍ട്ട് നടത്തുന്നത്.നേരത്തെ, വിമാനയാത്രക്ക് മുന്‍പുള്ള സുരക്ഷാ പരിശോധനയുടെ ഭാഗമായി ഹാന്‍ഡ് ലഗേജില്‍ നിന്ന് ലാപ്ടോപ്പുകള്‍, ടാബ്ലെറ്റുകള്‍, ദ്രാവകങ്ങള്‍ എന്നിവ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു.100 മില്ലിയില്‍ കൂടുതലുള്ള കണ്ടെയ്നറുകള്‍ക്ക് ഹാന്‍ഡ് ബാഗേജില്‍ നിരോധനവും ഉണ്ടായിരുന്നു. പുതിയ സ്‌കാനര്‍ വന്നതോടെ ഈ നിയന്ത്രണങ്ങള്‍ എല്ലാം നീങ്ങും. 330 മില്ലിക്ക് മുകളിലുള്ള കുപ്പികളിലും കണ്ടെയ്‌നറുകളിലും അധിക പരിശോധന തുടരും എന്നാണു വിമാനത്താവള അധികൃതര്‍ നല്‍കുന്ന വിവരം.