2014-ല്‍ അപ്രത്യക്ഷമായ എംഎച്ച് 370 വിമാനത്തിനുവേണ്ടിയുള്ള തിരച്ചില്‍ പുനഃരാരംഭിക്കാന്‍ മലേഷ്യ

ക്വാലാലംപുര്‍ : ഏറെ ദുരൂഹതകള്‍ക്കും ഊഹാപോഹങ്ങള്‍ക്കും തിരികൊളുത്തി അപ്രത്യക്ഷമായ എംഎച്ച് 370 വിമാനത്തിനുവേണ്ടിയുള്ള തിരച്ചില്‍ പുനഃരാരംഭിക്കാന്‍ മലേഷ്യ. തിരച്ചില്‍ ഡിസംബര്‍ മുപ്പതാം തീയതി പുനഃരാരംഭിക്കുമെന്ന് മലേഷ്യയുടെ ഗതാഗതമന്ത്രാലയം ബുധനാഴ്ച അറിയിച്ചു. സമുദ്ര പര്യവേക്ഷണ സ്ഥാപനമായ ഓഷ്യന്‍ ഇന്‍ഫിനിറ്റിയാകും വിമാനം കണ്ടെത്താന്‍ ഏറ്റവും സാധ്യതയുള്ള ഒരു പ്രദേശത്ത് തിരച്ചില്‍ നടത്തുകയെന്നും മലേഷ്യന്‍ സര്‍ക്കാര്‍ അറിയിച്ചു. 55 ദിവസമാകും തിരച്ചില്‍ നീണ്ടുനില്‍ക്കുക.
2014 മാര്‍ച്ച് എട്ടാം തീയതിയാണ് മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എംഎച്ച് 370 വിമാനം 227 യാത്രക്കാരും 12 ജീവനക്കാരുമായി അപ്രത്യക്ഷമായത്. ക്വലാലംപുരില്‍നിന്ന് ബെയ്ജിങ്ങിലേക്കായിരുന്നു വിമാനം പുറപ്പെട്ടത്. എന്നാല്‍, വിമാനം ബെയ്ജിങ്ങിലെത്തിയില്ല. വിമാനത്തിനുവേണ്ടി അവസാനമായി തിരച്ചില്‍ നടത്തിയത് ഇക്കൊല്ലം മാര്‍ച്ച് മാസത്തിലായിരുന്നു. ഓഷ്യന്‍ ഇന്‍ഫിനിറ്റി തന്നെയായിരുന്നു തിരച്ചില്‍ നടത്തിയത്. എന്നാല്‍, ഏപ്രില്‍മാസത്തില്‍ മോശം കാലവാസ്ഥയെ തുടര്‍ന്ന് തിരച്ചില്‍ അവസാനിപ്പിച്ചു.
വിമാനം റഡാറില്‍നിന്ന് അപ്രത്യക്ഷമായതിന് പിറ്റേന്ന് 2014 മാര്‍ച്ച് ഒന്‍പതാം തീയതിയായിരുന്നു ആദ്യത്തെ അന്വേഷണം നടന്നത്. പിന്നീട് പല അന്വേഷണങ്ങള്‍ നടന്നുവെങ്കിലും 2015-ലാണ് ഉപകാരപ്രദമായ വിവരം ലഭിച്ചത്. വിമാനത്തിന്റെ വലതുചിറകിലെ ഫ്‌ലാപെറോണ്‍, ഫ്രഞ്ച് ദ്വീപായ റീയൂണിയനില്‍നിന്ന് ലഭിച്ചു. ഇതോടെ തിരച്ചില്‍ വീണ്ടും ഊര്‍ജിതമാക്കി. പിന്നീട് ഓസ്‌ട്രേലിയന്‍ തീരത്തുനിന്ന് ചൈനീസ് വാട്ടര്‍ ബോട്ടില്‍ ഉള്‍പ്പെടെയുള്ളവ കണ്ടെത്തിയെങ്കിലും ഇവ എംഎച്ച് 370 വിമാനത്തിലെ യാത്രക്കാരുടേതാണെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞില്ല. വിമാനത്തിന് എന്ത് സംഭവിച്ചു, എങ്ങനെ അപ്രത്യക്ഷമായി തുടങ്ങിയ നിര്‍ണായ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനാണ് മലേഷ്യന്‍ സര്‍ക്കാര്‍ തിരച്ചില്‍ പുനഃരാംരഭിക്കുന്നത്.



