മലേഷ്യയിൽ ഗ്യാസ് പൈപ്പ് ലൈൻ പൊട്ടിത്തെറിച്ച് നൂറിലധികംപേർക്ക് പരിക്ക്

ക്വലാലംപൂർ : മലേഷ്യയുടെ തലസ്ഥാനമായ ക്വലാലംപൂരിൽ ഗ്യാസ് പൈപ്പ് ലൈൻ പൊട്ടിത്തെറിച്ച് നൂറിലധികംപേർക്ക് പരിക്കേറ്റുവെന്ന് റിപ്പോർട്ട്. സെൻട്രൽ സെലങ്കൂറിലെ പുത്ര ഹൈറ്റ്സിന്റെ പ്രാന്ത പ്രദേശത്ത് രാവിലെ 8.30നാണ് പൊട്ടിത്തെറിയുണ്ടായത്. മലേഷ്യൻ ഗവൺമെന്റിന്റെ ഉടമസ്ഥതയിലുള്ള പെട്രോണാസിന്റെ വാതക പൈപ്പ് ലൈനാണ് പൊട്ടിത്തെറിച്ചത്.
ഈദ് ആഘോഷവുമായി ബന്ധപ്പെട്ട് അവധിയായിരുന്നതിനാൽ സമീപ ഗ്രാമങ്ങളിലേക്ക് അതിവേഗം പടർന്നുപിടിച്ച തീ അപകടത്തിന്റെ ആക്കം കൂട്ടിയെന്ന് സെലങ്കോർ മുഖ്യമന്ത്രി പ്രതികരിച്ചു.
പരിക്കേറ്റ 112 പേരിൽ 63 പേരെ പൊള്ളൽ, ശ്വാസ തടസ്സം മറ്റു പരിക്കുകൾ എന്നിവയെതുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏകദേശം 49 ഓളം വീടുകൾ തീപിടുത്തത്തിൽ തകർന്നു. എന്നാൽ മരണങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. സ്ഥിതിഗതികൾ സാധാരണഗതിയിലാകുന്നതുവരെ ആളുകളെ സമീപത്തെ പള്ളിയിലേക്ക് മാറ്റി പാർപ്പിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.