കേരളം

മലയാളി നഗ്മ മുഹമ്മദ് മാലിക് ജപ്പാനിലെ ഇന്ത്യന്‍ അംബാസഡര്‍

ന്യൂഡല്‍ഹി : ജപ്പാനിലെ ഇന്ത്യന്‍ അംബാസഡറായി മലയാളിയായ നഗ്മ മുഹമ്മദ് മാലിക്കിനെ നിയമിച്ചു. നിലവില്‍ പോളണ്ടിലെ അംബാസഡറായിരുന്നു. കാസര്‍കോട് ഫോര്‍ട്ട് റോഡിലെ മുഹമ്മദ് ഹബീബുള്ളയുടെയും സുലു ബാനുവിന്റെയും മകളാണ്. 1991 ബാച്ച് ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് ഉദ്യോഗസ്ഥയാണ്.

നഗ്മ ഉടന്‍ തന്നെ ചുമതലയേറ്റെടുക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. മൂന്നു പതിറ്റാണ്ടായി നയതന്ത്ര രംഗത്ത് സേവനം അനുഷ്ഠിച്ചു വരുന്നു. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. മലയാളം, ഇംഗ്ലീഷ്, ഫ്രഞ്ച്, ഹിന്ദി, ഉര്‍ദു ഭാഷകളില്‍ പ്രാവീണ്യമുണ്ട്.

ഐ കെ ഗുജ്‌റാള്‍ പ്രധാനമന്ത്രിയായിരുന്നപ്പോള്‍, പേഴ്‌സണല്‍ സ്റ്റാഫ് ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. എഴുത്തുകാരി സാറ അബൂബക്കറിന്റെ സഹോദര പുത്രിയാണ്. ഇന്ത്യ- പാകിസ്ഥാന്‍ യുദ്ധത്തില്‍ 23-ാം വയസ്സില്‍ രക്തസാക്ഷിയായ ലെഫ്. പി മുഹമ്മദ് ഹാഷിം നഗ്മയുടെ അമ്മാവനാണ്.

ഇന്ത്യയിലെ ആദ്യത്തെ വനിതാ ഡെപ്യൂട്ടി ചീഫ് ഓഫ് പ്രോട്ടോകോൾ (സെറിമോണിയൽ) ആയി നിയമിതയായ നഗ്മ 1991-ലാണ് ഇന്ത്യൻ വിദേശകാര്യ സർവീസിൽ ചേരുന്നത്. പാരീസിൽ നയതന്ത്ര ജീവിതം ആരംഭിച്ച ന​ഗ്മ ഇന്ത്യൻ എംബസിയിലും യുനെസ്കോയിലും ജോലി ചെയ്തിട്ടുണ്ട്. റഷ്യയുമായും സിഐഎസ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ നയതന്ത്ര പ്രതിനിധിയായും പ്രവർത്തിച്ചിട്ടുണ്ട്. 2010 മുതൽ 2012 വരെ തായ്‌ലാൻഡിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button