യുകെയില്‍ മലയാളി ദന്ത ഡോക്ടര്‍ 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

ലണ്ടന്‍ : യുകെയില്‍ മലയാളി ദന്ത ഡോക്ടര്‍ 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി. മലയാളി ദന്ത ഡോക്ടര്‍ ജിസ്ന ഇഖ്ബാലിനാണ് ട്രിബ്യൂണല്‍ പിഴയിട്ടത്. തുറിച്ചുനോക്കിയെന്നും അപമാനകരമായി പെരുമാറിയെന്നും ആരോപിച്ച് യുകെ സ്വദേശിനിയായ നഴ്‌സ് നല്‍കിയ പരാതിയിലാണ് നടപടി.
എഡിന്‍ബറോയിലെ ഗ്രേറ്റ് ജംഗ്ഷന്‍ ഡെന്റല്‍ പ്രാക്ടീസിലാണ് സംഭവം. സഹപ്രവര്‍ത്തകയില്‍ നിന്ന് തുടര്‍ച്ചയായ കണ്ണുരുട്ടലും താഴ്ത്തിക്കെട്ടിയുള്ള സംസാരവും ഒറ്റപ്പെടുത്തലും ഭീഷണിപ്പെടുത്തലും ഉള്‍പ്പെടെയുള്ള അപമര്യാദ നിറഞ്ഞ പെരുമാറ്റം നേരിട്ടുവെന്നാണ് ദന്തരോഗ നഴ്സിന്റെ പരാതി.
ഡോ. ജിസ്ന ഇഖ്ബാലും നാല് പതിറ്റാണ്ടിലേറെയായി ദന്തചികിത്സാ രംഗത്ത് പ്രവര്‍ത്തിക്കുന്ന അറുപത്തിനാലുകാരിയായ മൗറീന്‍ ഹൗസണും തമ്മിലായിരുന്നു പ്രശ്നം. ജിസ്ന അപമര്യാദയായും അനാദരവോടും പെരുമാറിയെന്നും താന്‍ സംസാരിക്കുമ്പോഴെല്ലാം തുറിച്ചുനോക്കിയിരുന്നുവെന്നും ട്രിബ്യൂണലില്‍ ഹൗസണ്‍ ആരോപിച്ചു. ജിസ്ന ഇതെല്ലാം നിഷേധിച്ചെങ്കിലും ഹൗസന്റെ വാദങ്ങള്‍ പാനല്‍ അംഗീകരിക്കുകയായിരുന്നു.
ഹൗസണ്‍ അസുഖ അവധിയിലായിരുന്നപ്പോള്‍ റിസപ്ഷനിലെ ചുമതലകള്‍ ഏറ്റെടുക്കാന്‍ ജിസ്നയോട് ആവശ്യപ്പെട്ടതോടെയാണ് തര്‍ക്കം രൂക്ഷമായത്. 2024 സെപ്റ്റംബറില്‍ പ്രശ്നങ്ങള്‍ കൂടുതല്‍ വഷളായെന്നും ഹൗസണ്‍ ജോലിസ്ഥലത്ത് വെച്ച് കരയുന്ന അവസ്ഥയും ഉണ്ടായെന്നും ഹൗസണ്‍ രാജിവച്ചെന്നും പരാതിയില്‍ പറയുന്നു. ഹൗസന്റെ ആശങ്കകളില്‍ നടപടിയെടുക്കുന്നതില്‍ ക്ലിനിക്കിനുണ്ടായ പരാജയം വീഴ്ചയാണെന്ന് കേസ് പരിഗണിച്ച ജഡ്ജി റൊണാള്‍ഡ് മക്കേ പറഞ്ഞു.