ഇറാൻ പിടിച്ചെടുത്ത ചരക്കു കപ്പലില്‍ നിന്ന് മോചനം : ആൻ ടെസ ജോസഫ് നാട്ടിലെത്തി
ന്യൂഡൽഹി : ഒമാന് സമീപം ഹോർമുസ് കടലിടുക്കിൽനിന്ന് ഇറാൻ പിടിച്ചെടുത്ത ചരക്കുകപ്പലിലുണ്ടായിരുന്ന മലയാളി യുവതി തിരിച്ചെത്തിയതായി വിദേശകാര്യമന്ത്രാലയം. തൃശൂർ വെളുത്തൂർ സ്വദേശി ആൻ ടെസ ജോസഫ് (21) ആണ് കൊച്ചി വിമാനത്താവളത്തിലെത്തിയത്. ആൻ നാട്ടിലെത്തിയ വാർത്ത വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.
തൃശൂര്‍ വെളുത്തൂര്‍ സ്വദേശിനിയായ ആൻ ടെസ്സ ജോസഫ് ട്രെയിനിങ്ങിന്റെ ഭാഗമായി 9 മാസമായി കപ്പലില്‍ ജോലി ചെയ്തു വരികയായിരുന്നു. ഫോര്‍മുസ് കടലിടുക്കില്‍ നിന്നാണ് ഇസ്രായേല്‍ കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം മൂന്ന് മലയാളികള്‍ കപ്പലില്‍ അകപ്പെട്ടിട്ടുണ്ടെന്ന വിവരം പുറത്തുവന്നിരുന്നു. മൂന്ന് മലയാളികള്‍ ഉള്‍പ്പടെ 17 ഇന്ത്യക്കാരാണ് കപ്പലിലുള്ളതെന്നായിരുന്നു നേരത്തെ പുറത്തുവന്ന വിവരം. അതിനിടയിലാണ് തിങ്കളാഴ്ച 17 പേര്‍ക്ക് പുറമെ ആൻ ടെസ്സ ജോസഫും കപ്പലില്‍ ഉണ്ടെന്ന് കുടുംബം അറിയുന്നത്.കഴിഞ്ഞ ദിവസം വീഡിയോ കോളിലൂടെ താൻ സുരക്ഷിതയാണെന്ന് ആൻ പറഞ്ഞിരുന്നു.