
ന്യൂഡൽഹി : മഹാത്മാ ഗാന്ധിയുടെ പ്രപൗത്രി നീലംബെൻ പരീഖ് (92) അന്തരിച്ചു. നവസാരിയിലെ വസതിയിലായിരുന്നു അന്ത്യം. ജീവിത കാലം മുഴുവൻ ഗാന്ധിയൻ ദർശനങ്ങൾ പിന്തുടർന്നിരുന്ന പരീഖ് സാമൂഹിക പ്രവർത്തക, എഴുത്തുകാരി എന്നീ നിലകളിൽ പ്രശസ്തയാണ്. ഗാന്ധിജിയുടെ മൂത്തമകൻ ഹരിലാലിന്റെ പേരക്കുട്ടിയാണ്. മുത്തച്ഛൻ ഹരിലാലുമായുള്ള മഹാത്മാ ഗാന്ധിയുടെ ബന്ധത്തെക്കുറിച്ച് എഴുതിയ ’ഗാന്ധീസ് ലോസ്റ്റ് ജൂവൽ: ഹരിലാൽ ഗാന്ധി’ എന്ന പുസ്തകത്തിലൂടെയാണ് നീലംബെൻ പരീഖ് പ്രശസ്തയാകുന്നത്.
2007 ൽ പുറത്തിറങ്ങിയ ഗാന്ധി മൈ ഫാദർ എന്ന ഹിന്ദി ചിത്രത്തിന് ആധാരം ഈ പുസ്തകമാണ്. ഹരിലാൽ ഗാന്ധിയുടെയും ഭാര്യ ഗുലാബിന്റെയും അഞ്ച് മക്കളിൽ മൂത്തവളായ റാമി ബെന്നിന്റെ മകളായിരുന്നു നീലംബെൻ. ആദിവാസി സ്ത്രീകളുടെ ഉന്നമനത്തിനായി മുന്നിട്ടിറങ്ങിയ നീലംബെൻ പിന്നാക്ക വിഭാഗങ്ങൾക്ക് വിദ്യാഭ്യാസവും തൊഴിൽ പരിശീലനവും നൽകാൻ ജീവിതം മാറ്റിവച്ചു.
‘ദക്ഷിണപഥ’ എന്ന സംഘടന സ്ഥാപിച്ച് ആദിവാസി സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിച്ച അവർ ഖാദി വസ്ത്രങ്ങൾ മാത്രമാണ് ധരിച്ചിരുന്നത്. മകൻ സമീർ പരീഖ് നവസാരിയിൽ നേത്ര രോഗവിദഗ്ധനായി ജോലി ചെയ്യുകയാണ്. മകനാണ് മരണവാർത്ത അറിയിച്ചത്. പരേതനായ യോഗേന്ദ്ര ഭായിയാണ് ഭർത്താവ്.