സിപിഐഎമ്മിനെ നയിക്കാന്‍ എംഎ ബേബി

ചെന്നൈ : കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് എം എ ബേബി സിപിഐഎമ്മിന്റെ പുതിയ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു . മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിൽ ചേർന്ന എൺത്തിനാല് അംഗ പാനൽ എം എ ബേബിയെ തിരഞ്ഞെടുതത്ത്. പാര്‍ട്ടിയുടെ ആറാമത്തെ ജനറല്‍ സെക്രട്ടറിയാണ് ബേബി. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ബേബിയുടെ പേര് നിര്‍ദേശിച്ചത് രാവിലെ ചേര്‍ന്ന പൊളിറ്റ് ബ്യൂറോ അംഗീകരിച്ചു.
ജനറല്‍ സെക്രട്ടറി ആരെന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്നലെ രാത്രി ചേര്‍ന്ന പൊളിറ്റ് ബ്യൂറോ യോഗത്തില്‍, 16 പിബി അംഗങ്ങളില്‍ 11 പേരും ബേബിയെ പിന്തുണച്ചു. യോഗത്തില്‍ പി ബി കോ-ഓര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ടാണ് ബേബിയുടെ പേര് നിര്‍ദേശിച്ചത്. ഇഎംഎസിനുശേഷം ജനറൽ സെക്രട്ടറിയാകുന്ന മലയാളിയാണ് എംഎ ബേബി.
പാർട്ടിക്കുള്ളിൽ പ്രയോഗികവാദിയായ കമ്യൂണിസ്റ്റ് ആയാണ് എം എ ബേബി അറിയപ്പെടുന്നത്. പ്രത്യയശാസ്ത്രത്തോട് പ്രതിബദ്ധത പുലർത്തുമ്പോഴും ലോകത്തെ മാറ്റങ്ങൾ പിന്തുടരുന്നതിലും അവ ഉൾക്കൊള്ളുന്നതിലും ബേബി മറ്റു പല നേതാക്കളിൽ നിന്നും വേറിട്ടു നിൽക്കുന്നു.
പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, മണിക് സര്‍ക്കാര്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളുടെ ഒഴിവിലേക്ക് മരിയം ധവാളെ, യു വാസുക, അമ്രാ റാം, വിജു കൃഷ്ണന്‍, അരുണ്‍കുമാര്‍, ശ്രീദീപ് ഭട്ടാചാര്യ എന്നിവര്‍ പൊളിറ്റ് ബ്യൂറോയിലെത്തും. പ്രായപരിധി കഴിഞ്ഞ മുതിര്‍ന്ന നേതാക്കളായ മുഖ്യമന്ത്രി പിണറായി വിജയൻ, പി കെ ശ്രീമതി, ജമ്മു കശ്മീരിലെ നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി എന്നിവര്‍ക്ക് കേന്ദ്രക്കമ്മിറ്റി അംഗങ്ങളായി തുടരുന്നതില്‍ ഇളവ് അനുവദിച്ചു.
പുതിയ 85 അംഗ കേന്ദ്ര കമ്മിറ്റിക്ക് 24 -ാം പാര്‍ട്ടി കോൺഗ്രസിന്റെ അംഗീകാരം. ടിപി രാമകൃഷ്ണൻ,പുത്തലത്ത് ദിനേശൻ, കെ എസ് സലീഖ തുടങ്ങി 3 പേരാണ് കേരളത്തിൽ നിന്ന് പുതുതായി കേന്ദ്രകമ്മിറ്റിയിൽ ഉൾപ്പെട്ടിരിക്കുന്നത്. പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, മണിക് സർക്കാർ, സുഭാഷിണി അലി, എസ് രാമചന്ദ്രൻ പിള്ള, ബിമൻ ബസു, ഹനൻ മോള്ള, ഡോ. ജോൺ ബ്രിട്ടാസ് എന്നിവരാണ് കേന്ദ്രകമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാക്കളായിട്ടുള്ളത്.
മധുരയെ ചെങ്കടലാക്കി നടക്കുന്ന മഹാറാലിയോടെ സിപിഐഎമ്മിന്‍റെ 24-ാo പാർട്ടി കോൺഗ്രസിന് ഇന്ന് കൊടി ഇറങ്ങും. 6 ദിവസം നീണ്ട് നിന്ന സമ്മേളനം മധുര വണ്ടിയൂർ മസ്താൻ പെട്ടിക്ക് സമീപം എൻ ശങ്കരയ്യ നഗറിൽ പൊതുസമ്മേളനത്തോടെ സമാപിക്കും. പകൽ മൂന്നിന് എൽക്കോട്ടിനു സമീപം മധുര പാണ്ടി കോവിൽ പരിസരത്തുനിന്ന് ചുവപ്പുസേനാ മാർച്ചും പ്രകടനവും തുടങ്ങും. വാച്ചാത്തി സമരപോരാളികൾ ഫ്ലാഗ് ഓഫ് ചെയ്യുന്ന പ്രകടനത്തിൽ 10000 റെഡ് വളന്റിയർമാർ അണിനിരക്കും. സിപിഐഎമ്മിന്‍റെ ജനസ്വാധീനവും കരുത്തും വിളിച്ചറിയിക്കുന്നതായിരുന്നു 24-ാo പാർട്ടി കോൺഗ്രസ്.