അന്തർദേശീയം

അവിശ്വസനീയ ഭാഗ്യം; യുഎസിൽ ജന്മദിന സമ്മാനമായി ലഭിച്ച ലോട്ടറി ടിക്കറ്റിൽ ഒരു മില്യൺ ഡോളർ സമ്മാനം

വാഷിങ്ടൺ ഡിസി : ജന്മദിനത്തിന് കൂട്ടുകാർ സമ്മാനങ്ങൾ നൽകുമ്പോൾ നമ്മൾ എന്താണ് പ്രതീക്ഷിക്കുക? ഒരുപക്ഷെ വസ്ത്രങ്ങൾ, വാച്ചുകൾ, പുസ്തകങ്ങൾ ഇനി ഇതൊന്നുമല്ലെങ്കിൽ ചെറിയൊരു തുക, അല്ലേ? എന്നാൽ കൂട്ടുകാരൻ നൽകിയ ഒരു ജന്മദിന സമ്മാനം നിങ്ങളെ ഒറ്റരാത്രികൊണ്ട് കോടീശ്വരനാക്കിയാൽ എങ്ങനെയിരിക്കും? അമേരിക്കയിലെ ഇല്ലിനോയിസിൽ നിന്നുള്ള ഒരു വ്യക്തിക്കാണ് ഇത്തരത്തിൽ അവിശ്വസനീയമായ ഭാഗ്യം തേടിയെത്തിയത്. സുഹൃത്ത് നൽകിയ ഒരു ലോട്ടറി ടിക്കറ്റിലൂടെ ഇദ്ദേഹത്തിന് ലഭിച്ചത് ഒരു മില്യൺ ഡോളറാണ് (ഏകദേശം 9 കോടി രൂപ!).

ഇല്ലിനോയിസിലെ ബ്രാഡ്‌വുഡിലാണ് ഈ സംഭവം നടന്നത്. ഇദ്ദേഹത്തിന്റെ ഭാര്യ സംഘടിപ്പിച്ച ജന്മദിന പാർട്ടിയിൽ പങ്കെടുക്കാൻ വന്ന ഒരു സുഹൃത്താണ് സമ്മാനമായി ഒരു കവറിനുള്ളിൽ കുറച്ച് ലോട്ടറി ടിക്കറ്റുകൾ നൽകിയത്. ഇല്ലിനോയിസ് ലോട്ടറിയുടെ ഓഗസ്റ്റ് എട്ടിന് നടന്ന ‘ലോട്ടോ മില്യൺ 2’ നറുക്കെടുപ്പിലെ ടിക്കറ്റുകളായിരുന്നു അത്. ഇതിലൊരു ടിക്കറ്റിലെ 11, 17, 22, 26, 36, 45 എന്നീ ആറ് നമ്പറുകളും സമ്മാനാർഹമായ നമ്പറുകളും ഒരുപോലെ വന്നതോടെയാണ് ലോട്ടറി അടിച്ചതായി ഇദ്ദേഹത്തിന് മനസിലാകുന്നത്. താൻ ഒരിക്കലും ഒരു ലോട്ടറി അടിക്കുമെന്ന് സ്വപ്നത്തിൽപ്പോലും വിചാരിച്ചിരുന്നില്ല എന്ന് അദ്ദേഹം പിന്നീട് ലോട്ടറി ഉദ്യോഗസ്ഥരോട് പ്രതികരിച്ചു.

എന്നാൽ തുടക്കത്തിൽ തനിക്ക് എത്ര രൂപയാണ് സമ്മാനമായി ലഭിച്ചതെന്ന് അദ്ദേഹത്തിന് മനസിലായിരുന്നില്ല. ലോട്ടറി അടിച്ചുവെന്ന് ഉറപ്പായപ്പോൾ 1,000 ഡോളർ ലഭിച്ചു എന്നാണ് ഇദ്ദേഹം കരുതിയത്. ടിക്കറ്റ് പരിശോധിക്കാൻ അദ്ദേഹം ഒരു സുഹൃത്തിനെ ഏൽപ്പിച്ചെങ്കിലും ആ സുഹൃത്തിനും ഈ വമ്പൻ തുക തിരിച്ചറിയാൻ കഴിഞ്ഞില്ല. “ആയിരം ഡോളർ എന്നത് ഒരു ചെറിയ തുകയല്ലല്ലോ, ഇന്നത്തെ ദിവസം ഗംഭീരമായി” എന്നാണ് അദ്ദേഹം അപ്പോൾ ചിന്തിച്ചത്. എന്നാൽ യഥാർഥത്തിൽ കാത്തിരുന്നത് അതിലും വലിയൊരു സർപ്രൈസായിരുന്നു.

തങ്ങൾക്ക് ലഭിച്ച 1,000 ഡോളർ വാങ്ങാൻ ഇദ്ദേഹവും ഭാര്യയും കൂടി ഇല്ലിനോയിസ് ലോട്ടറിയുടെ പ്രൈസ് സെന്ററിൽ എത്തി. തങ്ങൾക്ക് ആയിരം ഡോളർ അടിച്ചു എന്ന് ഇവർ ജീവനക്കാരോട് പറഞ്ഞു. എന്നാൽ ടിക്കറ്റ് പരിശോധിച്ച ജീവനക്കാരൻ പറഞ്ഞത് കേട്ട് അവർ ശരിക്കും ഞെട്ടി. 1,000 ഡോളറല്ല, മറിച്ച് ഒരു മില്യൺ ഡോളറാണ് ആ ടിക്കറ്റിന് ലഭിച്ചിരിക്കുന്നത് എന്നായിരുന്നു ജീവനക്കാരൻ നൽകിയ മറുപടി. അപ്രതീക്ഷിതമായ ഈ വാർത്ത കേട്ട് അദ്ദേഹം ഞെട്ടിത്തരിച്ചുപോയി, ഭാര്യ സന്തോഷം കൊണ്ട് പൊട്ടിക്കരയുകയും ചെയ്തു. ഈ വലിയ തുകയ്ക്ക് പുറമെ, അതേ ടിക്കറ്റിലെ മറ്റൊരു വരിയിലെ രണ്ട് നമ്പറുകൾ പൊരുത്തപ്പെട്ടതിനാൽ രണ്ട് ഡോളർ കൂടി ഇദ്ദേഹത്തിന് അധികമായി ലഭിച്ചിരുന്നു.

ഫ്ലോറിഡയിലുള്ള ബന്ധുക്കളെ സന്ദർശിക്കാനുള്ള വാർഷിക യാത്രയ്ക്കായി ഈ തുകയുടെ ഒരു ഭാഗം ചെലവഴിക്കാനാണ് ഇദ്ദേഹം പദ്ധതിയിടുന്നത്. ഇതിനുപുറമെ പുതിയൊരു കാറും ഗോൾഫ് കാർട്ടും വാങ്ങാനും അദ്ദേഹം ആഗ്രഹിക്കുന്നുണ്ട്. ഇവരുടെ 40-ാം വിവാഹവാർഷികം ആഘോഷിക്കാൻ ഒരു ക്രൂയിസ് യാത്ര പോകുന്നതിനൊപ്പം, മക്കൾക്ക് വലിയൊരു വിരുന്ന് നൽകാനും ഈ ഭാഗ്യവാൻ തീരുമാനിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button