വൈദ്യുതി സബ്സ്റ്റേഷനിലെ പൊട്ടിത്തെറി; ലണ്ടൻ ഹീത്രൂ വിമാനത്താവളം അടച്ചു

ലണ്ടൻ : വൈദ്യുതി സബ്സ്റ്റേഷനിലെ പൊട്ടിത്തെറി മൂലം ഹീത്രൂ വിമാനത്താവളം അടച്ചു. ഇന്ന് അർധരാത്രി വരെയാണു വിമാനത്താവളം അടച്ചിടുകയെന്നു അധികൃതർ പറഞ്ഞു. ലണ്ടനിലെ ഹെയ്‌സിലുള്ള നോർത്ത് ഹൈഡ് ഇലക്ട്രിക്കൽ സബ്സ്റ്റേഷനിലായിരുന്നു പൊട്ടിത്തെറി.
‘‘ഹീത്രൂ വിമാനത്താവളത്തിലേക്കു വൈദ്യുതി വിതരണം ചെയ്യുന്ന സബ്സ്റ്റേഷനിൽ ഉണ്ടായ പൊട്ടിത്തെറിയെ തുടർന്നു വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. യാത്രക്കാരുടെയും സഹപ്രവർത്തകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി 21ന് അർധരാത്രി വരെ ഹീത്രൂ വിമാനത്താവളം അടച്ചിടും. പ്രശ്നം പെട്ടെന്നു പരിഹരിക്കാനാണു ശ്രമിക്കുന്നത്’’ – വിമാനത്താവള അധികൃതർ എക്സിൽ അറിയിച്ചു.
യാത്രക്കാരോട് ഹീത്രൂ വിമാനത്താവളത്തിലേക്കു വരരുതെന്നും കൂടുതൽ വിവരങ്ങൾക്ക് അതത് എയർലൈനുകളുമായി ബന്ധപ്പെടണമെന്നും നിർദേശം നൽകി. വൈദ്യൂതി എപ്പോൾ പുനഃസ്ഥാപിക്കും എന്നതിനെ കുറിച്ച് കൃത്യമായ വിവരം ലഭ്യമല്ല. സബ്‌സ്റ്റേഷനിലുണ്ടായ തീപിടിത്തം ആയിരക്കണക്കിനു വീടുകളിലെ വൈദ്യുതി ബന്ധവും താറുമാറാക്കി. തീ അണയ്ക്കുന്നതിന് 10 ഫയർ എൻജിനുകളും 70 അഗ്നിരക്ഷാ ജീവനക്കാരും സ്ഥലത്തുണ്ട്. വിമാനത്താവളത്തിനു സമീപം താമസിക്കുന്ന 150 പേരെ ഒഴിപ്പിച്ചു.