തിരുവനന്തപുരം : നാലാം ലോക കേരളസഭയിൽ 103 രാജ്യങ്ങളിൽനിന്നും 25 സംസ്ഥാനങ്ങളിൽനിന്നുമുള്ള പ്രവാസി പ്രതിനിധികൾ പങ്കെടുക്കും. 13 മുതൽ 15 വരെ തിരുവനന്തപുരനന്തപുരത്ത് ചേരുന്ന സഭയിൽ 200-ഓളം പ്രത്യേക ക്ഷണിതാക്കളുമുണ്ടാകും. മൂന്നാം ലോക കേരളസഭ നിർദ്ദേശപ്രകാരം രൂപീകരിച്ച ലോക കേരളം ഓൺലൈൻ പോർട്ടൽ, കേരള മൈഗ്രേഷൻ സർവേ എന്നിവയുടെ പ്രകാശനം 13ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. നിയമസഭ സ്‌പീക്കർ എ എൻ ഷംസീർ അധ്യക്ഷനാകും.
മൈഗ്രേഷൻ സർവേ സെമിനാറുമുണ്ട്. 13ന് വൈകിട്ട് നിശാഗന്ധി ഓഡിറ്റോറിയത്തിൽ പൊതുയോഗത്തോടെയാണ് ലോക കേരളസഭയുടെ നാലാം സമ്മേളനത്തിന് തുടക്കമാകുക. എമിഗ്രേഷൻ കരട് ബിൽ 2021, വിദേശ റിക്രൂട്ട്‌മെന്റ് പ്രോഗ്രാമുകൾ, സുസ്ഥിര പുനരധിവാസം, വിദേശ രാജ്യങ്ങളിലെ മാറുന്ന തൊഴിൽ-കുടിയേറ്റ നിയമങ്ങൾ തുടങ്ങി എട്ടു വിഷയത്തിൽ അവതരണമുണ്ടാകും.