മാൾട്ടാ വാർത്തകൾ
ലിവർപൂൾ ഇതിഹാസം ജാമി കാരഗറിനും മകൻ ജെയിംസിനും മാൾട്ടീസ് പൗരത്വം
പുതിയതായി നേടിയ മാൾട്ടീസ് പൗരത്വത്തോടെ ജെയിംസ് മാൾട്ടയ്‌ക്കായി കളിക്കാനുള്ള സാധ്യതയും തെളിഞ്ഞു

ലിവർപൂൾ ഇതിഹാസം ജാമി കാരഗറിനും മകൻ ജെയിംസിനും മാൾട്ടീസ് പൗരത്വം നേടി. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിനായി 17 വർഷം കളിച്ച ജാമി കാരഗറിന് മുത്തച്ഛനും അമ്മയും മാൾട്ടീസ് പൗരന്മാരായതിനാലാണ് പൗരത്വം ലഭിച്ചത്. രജിസ്ട്രേഷൻ വഴിയാണ് കാരഗറിന് പൗരത്വം ലഭിച്ചതെന്ന് സർക്കാർ വൃത്തങ്ങൾ സ്ഥിരീകരിച്ചു. പ്രശസ്ത ഫുട്ബോൾ പണ്ഡിതനും ജാമിയുടെ മുത്തച്ഛനുമായ പോൾ വാസല്ലോ മാൾട്ടയിലെ ഖോർമിയിൽ ജനിച്ച വ്യക്തിയാണ്. യുകെയിലെ ബൂട്ടലിലേക്ക് മാറുന്നതിന് മുമ്പ് അദ്ദേഹം ഒരു ഇംഗ്ലീഷ് സ്ത്രീയെ വിവാഹം കഴിച്ചു, കാരഗറിൻ്റെ അമ്മയും വാസല്ലോയുടെ മകളുമായ പോള നീ വാസല്ലോക്കും മാൾട്ടീസ് പൗരത്വം ഉണ്ടായിരുന്നു.
ജാമി കാരഗറിന്റെ പാത പിന്തുടരുന്ന ജെയിംസ് കാരഗറും പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനാണ്. ഇംഗ്ലീഷ് ഫുട്ബോൾ ലീഗ് വൺ ക്ലബ് വിഗാൻ അത്‌ലറ്റിക്കിൻ്റെ സെൻ്റർ ബാക്കായി കളിക്കുന്നു. 22-കാരൻ ഓഗസ്റ്റിൽ വിഗനായി അരങ്ങേറ്റം കുറിച്ചു, രണ്ടാഴ്ച മുമ്പ് ബ്രിസ്റ്റോൾ റോവേഴ്സിനെതിരെ തൻ്റെ ആദ്യത്തെ പ്രൊഫഷണൽ കരിയർ ഗോൾ നേടി . പുതിയതായി നേടിയ മാൾട്ടീസ് പൗരത്വത്തോടെ ജെയിംസ് മാൾട്ടയ്‌ക്കായി കളിക്കാനുള്ള സാധ്യതയും തെളിഞ്ഞു. ഇക്കാര്യത്തിൽ എംഎഫ്എ കുടുംബവുമായി ചർച്ച ആരംഭിച്ചതായി മാൾട്ട ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡൻ്റ് ജോർൺ വാസല്ലോ സ്ഥിരീകരിച്ചു.
1996-ൽ ലിവർപൂൾ എഫ്‌സിയിൽ തൻ്റെ പ്രൊഫഷണൽ കരിയർ ആരംഭിച്ച ജാമി കരാഗർ 2013 വരെ ക്ലബ്ബിനായി കളിച്ചു. ലിവർപൂളിനായി 737 തവണ പ്രത്യക്ഷപ്പെട്ട അദ്ദേഹം, ക്ലബിൻ്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച രണ്ടാമത്തെ കളിക്കാരനും ഏറ്റവും കൂടുതൽ സമയം കളിച്ച രണ്ടാമത്തെ കളിക്കാരനുമാണ്.2005-ൽ, ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എസി മിലാനെതിരായ ലിവർപൂളിൻ്റെ ചരിത്രവിജയ മത്സരത്തിൽ, ഇംഗ്ലീഷ് ടീം “ഇസ്താംബൂളിൻ്റെ അത്ഭുതം” എന്ന് വിളിക്കപ്പെടുന്ന അതിശയകരമായ തിരിച്ചുവരവ് നടത്തിയപ്പോൾ കാരഗർ ടീമിലുണ്ടായിരുന്നു. 47 കാരനായ അദ്ദേഹം സ്റ്റീവൻ ജെറാർഡിൻ്റെ കീഴിൽ 10 വർഷം വൈസ് ക്യാപ്റ്റനായി സേവനമനുഷ്ഠിച്ചു, കൂടാതെ ഇംഗ്ലണ്ട് ടീമിനായി രണ്ട് തവണ ഫിഫ ലോകകപ്പ് ഉൾപ്പെടെ നിരവധി മത്സരങ്ങളും കളിച്ചു. 2013-ൽ വിരമിച്ച ശേഷം, അദ്ദേഹം സ്കൈ സ്പോർട്സിൽ ഫുട്ബോൾ കമൻ്റേറ്ററായി ചേർന്നു.