മാലിന്യം വലിച്ചെറിയുന്നവർക്ക് എതിരെ പുത്തൻ പദ്ധതിയുമായി ജപ്പാൻ
ടോക്കിയോ : മാലിന്യനിർമാർജനത്തെ ഏറ്റവും ഗുരുതരമായി കാണുന്ന രാജ്യങ്ങളിലൊന്നാണ് ജപ്പാൻ. മാലിന്യം ശേഖരിക്കുന്നവർക്ക് കൃത്യമായി തരംതിരിച്ചാണ് ഫുക്കൂഷിമയിൽ മാലിന്യം കൈമാറേണ്ടത്. എന്നാൽ പലരും ജൈവമാലിന്യം നിക്ഷേപിക്കേണ്ട കവറിൽ അജൈവ മാലിന്യം നിക്ഷേപിക്കുന്നതും നേരെ തിരിച്ച് മാലിന്യം നിക്ഷേപിക്കുന്നതും വളരേയധികം ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. വ്യക്തികൾക്ക് പുറമെ സ്ഥാപനങ്ങളും ഈ രീതി പിന്തുടർന്നതോടെ പ്രശ്‌നക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ തീരുമാനിച്ചിരിക്കുകയാണ് കോർപ്പറേഷൻ.
കിട്ടുന്ന മാലിന്യം കൃത്യമായി തരം തിരിച്ചില്ലെങ്കിൽ ആ മാലിന്യം നൽകിയ വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ പേര് പ്രസിദ്ധീകരിച്ച് നാണംകെടുത്തലാണ് പുതിയ നടപടി. മാലിന്യം കൃത്യമായി തരംതിരിച്ചില്ലെങ്കിൽ അത് സ്വീകരിക്കാതിരിക്കലായിരുന്നു ആദ്യ നടപടി എന്നാൽ ഒരാഴ്ചയ്ക്ക് ശേഷം നഗരസഭ ഈ മാലിന്യം സ്വീകരിക്കും. ഈ അവസരം മുതലാക്കി പലരും മാലിന്യം തരംതിരിക്കാതെ വെക്കാൻ തുടങ്ങിയതോടെയാണ് പുതിയ തീരുമാനം.
കത്തുന്നവ, കത്താത്തവ, പ്രകൃത്യാ നശിക്കുന്നവ, നശിക്കാത്തവ എന്ന രീതിയിലാണ് ഫുക്കൂഷിമ നഗരസഭ മാലിന്യം സ്വീകരിക്കാറ്. ഇതിൽ തന്നെ വലിയ വസ്തുക്കളാണ് മാലിന്യമായി ഉള്ളത് എങ്കിൽ നഗരസഭയോട് ബന്ധപ്പെട്ട് പ്രത്യേക നടപടി സ്വീകരിക്കണം.
പലരുടേയും മാലിന്യത്തിൽ കയ്യിട്ട് പരതിയാണ് മാലിന്യം നിക്ഷേപിച്ചവരുടെ പേരും വിലാസവും കണ്ടെത്തിയിരിക്കുന്നത്. തുടർന്ന് ഇവരുടെ പേര് നഗരസഭയുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.
1990 മുതൽ മാലിന്യനിർമാർജനം ജപ്പാന്റെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങളിലൊന്നാണ്. മാലിന്യം ഒരു പ്രത്യേക സ്ഥലത്ത് കൊണ്ടിടുക എന്നതിന് പകരം കൃത്യമായി സംസ്‌കരിക്കുക, റിസൈക്കിൾ ചെയ്യുക എന്നിവയാണ് ജപ്പാന്റെ നിലപാട്. ചില നഗരങ്ങളിൽ മാലിന്യം നിക്ഷേപിച്ച വ്യക്തിയുടെ പേര് മാലിന്യകവറിൽ എഴുതിവെക്കണമെന്ന നിർബന്ധവുമുണ്ട്. മാലിന്യം തരംതിരിക്കാൻ എഐയെ വരെ ജപ്പാൻ അവതരിപ്പിച്ചിട്ടുണ്ട്.