കാലാവസ്ഥാ പഠനത്തിന ബലൂണുകൾകൊണ്ടു സഹികെട്ടു; അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലിത്വാനിയ

വിൽനിയസ് : അയൽരാജ്യമായ ബെലാറൂസ് കാലാവസ്ഥാ പഠനത്തിനായി പറത്തുന്ന ബലൂണുകൾകൊണ്ടു സഹികെട്ട ലിത്വാനിയ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. റഷ്യയുടെ സഖ്യരാഷ്ട്രമായ ബെലാറൂസിന്റേത് രാജ്യസുരക്ഷയെ ബാധിക്കുന്ന നടപടിയാണെന്നാണ് യുക്രെയ്ൻ അനുഭാവമുള്ള ലിത്വാനിയയുടെ നിലപാട്. ബലൂണുകൾ വ്യോമഗതാഗതത്തെ ബാധിച്ചതിനെത്തുടർന്ന് വിൽനിയസ് രാജ്യാന്തര വിമാനത്താവളം അടച്ചു.
ബെലാറൂസിന്റേത് ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വ്യോമാക്രമണമാണെന്നു വിലയിരുത്തിയാണ് മന്ത്രിസഭായോഗത്തിനുശേഷം പ്രധാനമന്ത്രി ഇംഗ റൂജീനീയെനെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അതിർത്തിയിൽ സൈനിക പരിശോധനയും ശക്തമാക്കി.
സിഗരറ്റ് കടത്താൻ വേണ്ടി കള്ളക്കടത്തുകാർ അതിർത്തിക്കപ്പുറത്തുനിന്ന് ലിത്വാനിയയിലേക്ക് ബലൂണുകൾ പറത്തിവിടുന്നതു പതിവായിരുന്നു. എന്നാൽ, അടുത്തിടെ ഇതിന്റെ എണ്ണം വർധിച്ചതാണ് സംശയമുയർത്തിയത്. കഴിഞ്ഞ ഒക്ടോബറിൽ ഇതിന്റെ പേരിൽ അതിർത്തി അടച്ചിരുന്നു. സൈബർ ആക്രമണങ്ങളുടെ പേരിൽ ബെലാറൂസിനെതിരെ പോളണ്ട് ഉൾപ്പെടെയുള്ള മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും രംഗത്തുവന്നിരുന്നു.



