യൂറോപ്യൻ യൂണിയൻ വാർത്തകൾ

അയർലൻഡ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർഥി കാതറിൻ കൊണൊലിക്ക് വിജയം

ഡബ്ലിൻ : അയർലൻഡിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷപാര്‍ടികളുടെ പിന്തുണയോടെ മത്സരിച്ച സ്വതന്ത്ര സ്ഥാനാർഥി കാതറിൻ കൊണൊലിക്ക് ചരിത്ര വിജയം. അയർലൻഡ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയാണ് അയർലൻഡിന്റെ പത്താമത് പ്രസിഡണ്ടായി കാതറിൻ തിരഞ്ഞെടുക്കപ്പെട്ടത്.

ഗോൾവേ സൗത്തിൽ നിന്നുള്ള പാർലമെന്റ് അംഗമായിരുന്നു. നേരത്തെ ലേബർ പാർട്ടി പ്രതിനിധിയായും ഗോൾവേ മേയർ ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഷിൻ ഫൈൻ, ലേബർ പാർടി, സോഷ്യലിസ്റ്റ് പാർടി, വർക്കേഴ്സ് പാർടി, സോഷ്യൽ ഡെമോക്രാറ്റ്, കമ്യൂണിസ്റ്റ് പാർടി ഓഫ് അയർലൻഡ്, പീപ്പിൾ ബിഫോർ പ്രോഫിറ്റ് ഉൾപ്പെടെയുള്ള ഇടതുപക്ഷ കക്ഷികളുടെയും ഗ്രീൻ പാർടിയുടേയും പിന്തുണയോടെയാണ് കാതറിൻ മത്സരിച്ചത്.

പോൾ ചെയ്ത വോട്ടുകളുടെ 63 ശതമാനം വോട്ട് കാതറിൻ നേടി. മധ്യ വലതുപക്ഷ സ്ഥാനാർഥിയായ ഹെതർ ഹംഫ്രീയ്ക്ക് 23 ശതമാനം വോട്ടുകളാണ് ലഭിച്ചത്. അയർലൻഡിന്റെ മൂന്നാമത്തെ വനിത പ്രസിഡന്റാണ് കാതറിൻ. കാതറിന്റെ വിജയം ആവേശകരമാണെന്നും ലോകമെമ്പാടുമുള്ള പുരോഗമന ശക്തികൾക്ക് വിജയം കരുത്തു പകരുമെന്നും അയർലന്‍ഡ് മലയാളികളുടെ സംഘടനയായ ക്രാന്തി പ്രസ്താവനയിൽ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button