ലബനനിലെ പേജർ സ്ഫോടനം; അന്വേഷണം മലയാളിയുടെ കമ്പനിയിലേക്കും
ബെയ്റൂത്ത്: ലബനാനിൽ പത്ത് വയസുള്ള പെൺകുട്ടിയടക്കം 12 പേരുടെ മരണത്തിനിടയാക്കിയ പേജർ സ്ഫോടനത്തിന്റെ അന്വേഷണം മലയാളിയുടെ കമ്പനിയിലേക്കും. നോർവെ പൗരത്വമുള്ള റിൻസൺ ജോസിന്റെ കമ്പനിയെക്കുറിച്ചാണ് അന്വേഷിക്കുന്നത്. ബൾഗേറിയയിലാണ് കമ്പനി രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പേജറുകൾ വാങ്ങാനുള്ള സാമ്പത്തിക ഇടപാടിൽ കമ്പനി ഉൾപ്പെട്ടതായാണ് വിവരം. ജോസിന്റെ നോർട്ട ഗ്ലോബൽ, നോർട്ട ലിങ്ക് എന്നീ കമ്പനികൾ വഴി പേജറുകൾക്ക് പണം കൈമാറിയെന്നാണ് അന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ബൾഗേറിയയുടെ അന്വേഷണം.സ്‌ഫോടകവസ്തുക്കൾ പേജറുകളിലേക്ക് എവിടെനിന്നാണ് നിറച്ചത് എന്നതടക്കമുള്ള വിവരങ്ങൾ ഇപ്പോഴും അജ്ഞാതമായി തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നതിനിടെയാണ് ഹിസ്ബുല്ല വാങ്ങിയ പേജറുകളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ ഇപ്പോൾ പുറത്തുവരുന്നത്.
സാമ്പത്തിക ഇടപാടാണ് നടന്നിരിക്കുന്നതെന്നും സ്‌ഫോടനവുമായി റിൻസൺ ജോസിന് നേരിട്ട് ബന്ധമുള്ളതായി തെളിവില്ലെന്നും അന്വേഷണ ഏജൻസികൾ പറയുന്നു. സാമ്പത്തിക ഇടപാട് സംബന്ധിച്ച വിശദാംശങ്ങളാണ് അന്വേഷിക്കുന്നത്. എന്നാൽ സംഭവത്തിൽ റിൻസണിന്റെ കമ്പനിയിൽ നിന്നോ അദ്ദേഹത്തിൽനിന്നോ യാതൊരു പ്രതികരണവും പുറത്തുവന്നിട്ടില്ല. ചൊവ്വാഴ്ച പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3.30ഓടെയായിരുന്നു പേജർ സ്ഫോടനമുണ്ടായത്. ദക്ഷിണ ലെബനനിലും ബെയ്റൂത്തിന്റെ തെക്കൻ പ്രാന്തപ്രദേശത്തുമായിരുന്നു സ്ഫോടനം. ഹിസ്ബുല്ല ആശയവിനിമയത്തിന് ഉപയോഗിച്ചിരുന്ന പേജറുകൾ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. പൊട്ടിത്തെറിയിൽ മൂവായിരത്തോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ 200ലേറെ പേരുടെ നില ഗുരുതരമായി തുടരുകയാണ്.
തായ്‌വാനിലെ ‘അപ്പോളോ ഗോൾഡ്’ എന്ന കമ്പനിയുടെ പേരിലുള്ളതാണെങ്കിലും, ഇവ നിർമിച്ചത് ഹംഗറിയിലെ മറ്റൊരു കമ്പനിയാണെന്ന് തെളിഞ്ഞിരുന്നു. അതേസമയം, ആക്രമണത്തിന് പിന്നിൽ ഇസ്രായേലാണെന്ന് ഹിസ്ബുല്ലയും ലബനാനും പറയുന്നു. സ്ഫോടനം നടന്ന പേജറുകളും വോക്കിടോക്കികളും ഏകദേശം ഒരേസമയത്താണ് ഹിസ്ബുല്ല ഓർഡർ ചെയ്തത് എന്ന് ലബനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഉപകരങ്ങൾക്കുള്ളിൽ സ്ഥാപിച്ച സ്ഫോടക വസ്തുക്കൾ റിമോട്ട് കൺട്രോൾ സംവിധാനം ഉപയോഗിച്ച് പ്രവർത്തിപ്പിച്ചാണ് സ്ഫോടനം നടത്തിയത്. സംഭവത്തിൽ ഹിസ്ബുല്ല അംഗങ്ങൾക്കു പുറമെ കുട്ടികളും സ്ത്രീകളുമടക്കം കൊല്ലപ്പെട്ടു. പരിക്കേറ്റ മിക്കവരും സിവിലിയന്മാരാണ്. സിവിലിയന്മാരുടെ അപകടത്തിന് കാരണമാകുന്ന വിധത്തിൽ ഉപകരണങ്ങളിലോ സ്ഥലങ്ങളിലോ സ്ഫോടകവസ്തുക്കൾ സ്ഥാപിക്കുന്നത് ഭീകരവാദത്തിന്റെ പരിധിയിൽ വരുന്ന കുറ്റകൃത്യമാണ്.