റെയിക്യാവിക് : ഐസ്‌ലാന്‍ഡില്‍ ബുധനാഴ്ചയുണ്ടായ അഗ്നിപര്‍വത സ്‌ഫോടനത്തെത്തുടര്‍ന്നുണ്ടായ ലാവ 5 കിലോമീറ്റര്‍ വരെ ഒഴുകിയെത്തി. ഇത്രയും വലിയ രീതിയിലുള്ള അഞ്ചാമത്തെ സ്‌ഫോടനമായിരുന്നു ബുധനാഴ്ചയുണ്ടായത്. 800 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഗ്രിന്‍ഡാവികില്‍ ഇത്ര ശക്തമായ ലാവ പ്രവാഹം ഉണ്ടാകുന്നത്.
3,800 ജനസംഖ്യയുള്ള ഒരു തീരദേശ പട്ടണമായ ഗ്രിന്‍ഡാവിക്കിന് അഗ്നിപര്‍വത സ്‌ഫോടനം വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഐസ്‌ലാന്‍ഡിലെ ഏറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ പ്രശസ്തമായ ബ്ലൂ ലഗൂണ്‍ ജിയോതെര്‍മല്‍ സ്പാ. ഇവിടെ നിന്നും ആളുകളെ ഒളിപ്പിച്ചിട്ടുണ്ട്. ഐസ്‌ലാന്‍ഡിന്‍റെ തലസ്ഥാനമായ റെയിക്യാവികിന് തെക്കുപടിഞ്ഞാറായി 50 കിലോമീറ്റര്‍ (30 മൈല്‍) അകലെയുള്ള ഗ്രിന്‍ഡാവിക്കില്‍ നിന്ന് നവംബറില്‍ ഉണ്ടായ ഭൂകമ്പത്തെത്തുടര്‍ന്ന് ആളുകള്‍ പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായിരുന്നു. 18 തവണ അഗ്നിപര്‍വത സ്‌ഫോടനം ഉണ്ടായി. നിരവധി കെട്ടിടങ്ങള്‍ നശിച്ചു. റോഡുകള്‍ ലാവയില്‍ മുങ്ങി.
വടക്കന്‍ അറ്റ്‌ലാന്റിക്കിലെ ഒരു അഗ്‌നിപര്‍വ്വത ഹോട്ട് സ്‌പോട്ടിന് മുകളിലായി സ്ഥിതി ചെയ്യുന്ന ഐസ്‌ലാന്‍ഡില്‍ പതിവായി ഇത്തരം സ്‌ഫോടനങ്ങള്‍ ഉണ്ടാകാറുണ്ട്. സമീപകാലത്ത് ഏറ്റവും ശക്തമായ അഗ്നിപര്‍വത സ്‌ഫോടനം ഉണ്ടായത് 2010ലാണ്. Eyjafjallajokull (എയ്ജയഫ്ജല്ലോജോകുള്‍)എന്ന അഗ്നിപര്‍വതം ആണ് പൊട്ടിത്തെറിച്ചത്. ഇതെത്തുടര്‍ന്ന് യൂറോപ്പിലുടനീളം വ്യോമാതിര്‍ത്തി അടയ്ക്കുകയും ചെയ്തിരുന്നു.