പത്തിലേറെ പേരെ കുത്തിനിറച്ചാൽ 10000 യൂറോവരെ പിഴ, പുതിയ വാടക നിയമം ഒക്ടോബർ അവസാനം പ്രാബല്യത്തിൽ
വാടകക്കാരെ കുത്തിനിറച്ച് താമസിപ്പിക്കുന്നതിനെതിരെ നിയമം കര്‍ക്കശമാക്കി മാള്‍ട്ടീസ് സര്‍ക്കാര്‍. പത്തിലേറെ പേരെ ഒരേ സമയം താമസിപ്പിച്ചാല്‍ കെട്ടിടമുടമയ്ക്ക് 10000 യൂറോ വരെ പിഴ ചുമത്താനാണ് തീരുമാനം. കുടുംബങ്ങള്‍ക്ക് ബാധകമല്ലാത്ത നിയമം രണ്ട് മാസത്തിനകം ഒക്ടോബര്‍ അവസാനം പ്രാബല്യത്തില്‍ വരും. മാര്‍ച്ചില്‍ പുതിയ വാടക നിയന്ത്രണങ്ങള്‍ക്കുള്ള പദ്ധതികള്‍ ഭവന മന്ത്രി റോഡറിക് ഗാല്‍ഡെസ് പ്രഖ്യാപിച്ചതിന് പിന്നാലെയാണിത്.
നിലവിലുള്ള ആസൂത്രണ ചട്ടങ്ങള്‍ ഇതിനകം തന്നെ ഒരു വാസസ്ഥലത്ത് ആറ് പേര്‍ക്ക് മാത്രമായി താമസം പരിമിതപ്പെടുത്തിയിട്ടുണ്ട്, എന്നാല്‍ ഈ നിയന്ത്രണങ്ങള്‍ക്ക് പിഴകളൊന്നും ബാധകമല്ല. ഇതിലാണ് സമൂല മാറ്റം വരുന്നത്. ബങ്ക് ബെഡുകള്‍ കൊണ്ട് തിങ്ങിനിറഞ്ഞ മുറികളില്‍ വിദേശ തൊഴിലാളികളെ കണക്കില്ലാതെ കുത്തിനിറയ്ക്കുന്നു എന്ന പരാതി ഉയര്‍ന്നതോടെയാണ് നിബന്ധനകള്‍ കര്‍ക്കശമാക്കുന്നത്. ഒരു അപ്പാര്‍ട്ട്‌മെന്റില്‍ അനുവദിച്ചിരിക്കുന്ന താമസക്കാരുടെ എണ്ണം, അതിലെ കിടപ്പുമുറികളുടെയും ബാത്ത്‌റൂമുകളുടെയും എണ്ണത്തെ അടിസ്ഥാനമാക്കിയാണ്.സിംഗിള്‍ ബെഡ്റൂം അപ്പാര്‍ട്ട്മെന്റില്‍ പരമാവധി രണ്ട് വാടകക്കാര്‍ക്ക് താമസിക്കാം, രണ്ട് ബെഡ്റൂം വസതിയില്‍ പരമാവധി നാല് പേര്‍ക്ക് താമസിക്കാം, മൂന്ന് ബെഡ്റൂം വാസസ്ഥലം ആറ് പേര്‍ക്ക് പങ്കിടാം. നാല് കിടപ്പുമുറികളും അഞ്ച് കിടപ്പുമുറികളുമുള്ള താമസസ്ഥലങ്ങളില്‍ യഥാക്രമം എട്ട് പേര്‍ക്കും 10 പേര്‍ക്കും താമസിക്കാന്‍ രണ്ട് കുളിമുറി ഉണ്ടായിരിക്കണം. ഈ നിയമം ലംഘിക്കുന്നവര്‍ക്ക് 2,500 യൂറോ മുതല്‍ 10,000 യൂറോ വരെ പിഴ ചുമത്തും കൂടാതെ കോടതിയില്‍ പ്രോസിക്യൂഷന്‍ നടപടികളും നേരിടേണ്ടി വരും.