10 കോടി വായ്പയെടുത്ത് യൂറോപിലേക്ക് മുങ്ങി; 13 മലയാളി നഴ്സുമാർക്കതിരെ കേസുമായി കുവൈത്ത് ബാങ്ക്

കൊച്ചി : കുവൈത്തിലെ ബാങ്കിൽ നിന്ന് വായ്പ എടുത്ത ശേഷം തിരിച്ചടയ്ക്കാത്ത 13 മലയാളി നഴ്സുമാർക്കെതിരെ കേസ്. അൽ അഹ്‌ല ബാങ്ക് ഓഫ് കുവൈത്തിൽ നിന്ന് 10.33 കോടി വായ്‍പ എടുത്ത ശേഷം തിരച്ചടവ് മുടക്കി എന്നാണ് കേസ്. സംഭവവുമായി ബന്ധപ്പെട്ട് 13 കേസുകൾ കോട്ടയം, എറണാകുളം ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
2019 മുതൽ 2021 വരെയുള്ള വർഷങ്ങളിൽ കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ ജോലി ചെയ്ത കാലയളവിലാണ് ഇവർ ബാങ്കിൽ നിന്നും ലോൺ എടുക്കുന്നത്. തൊഴിൽ കരാറിന്റെ കാലാവധി അവസാനിച്ചതോടെ ഇവർ തിരിച്ച് കേരളത്തിലേക്ക് മടങ്ങി. പിന്നിട് മികച്ച അവസരങ്ങൾക്കായി ഇവർ യൂറോപ്യൻ രാജ്യങ്ങളിലേക്ക് കുടിയേറി. എന്നാൽ ഇവർ ബാങ്കിൽ നിന്ന് എടുത്ത ലോൺ തിരിച്ചടയ്ക്കാൻ തയ്യാറായില്ല. ഇതോടെയാണ് കമ്പനി കേസുമായി രംഗത്ത് എത്തിയത്.
അൽ അഹ്‌ല ബാങ്ക് അഡ്വ തോമസ് ജെ ആനക്കല്ലുങ്കൽ വഴി സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ കോട്ടയം, എറണാകുളം ജില്ലകളിലായാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോട്ടയത്ത് കുറവിലങ്ങാട്, അയർക്കുന്നം, വെള്ളൂർ, കടുത്തുരുത്തി, വൈക്കം, തലയോലപ്പറമ്പ് പൊലീസ് സ്റ്റേഷനുകളിലും എറണാകുളത്തെ പുത്തൻകുരിശ്, പോത്താനിക്കാട്, വരാപ്പുഴ, അങ്കമാലി പൊലീസ് സ്റ്റേഷനുകളിലുമായാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
തുടക്കത്തിൽ ചെറിയ വായ്പകൾ എടുക്കുകയും അത് കൃത്യസമയത്ത് തിരിച്ചടയ്ക്കുകയും ചെയ്യും. പിന്നീട് ബാങ്കിൽ നിന്ന് ഇവർ വൻ തുക വായ്പ എടുത്ത ശേഷം തിരിച്ചടയ്ക്കാതെ രാജ്യം വിടുകയാണ് ചെയ്യുന്നതെന്ന് അഡ്വ തോമസ് പറഞ്ഞു.
61 ലക്ഷം മുതൽ 91 ലക്ഷം രൂപ വരെയാണ് ഓരോ നഴ്സും കുടിശ്ശിക വരുത്തിയത്. ഇവർ വിദേശത്ത് ജോലി ചെയ്യുകയും ഉയർന്ന ശമ്പളം നേടുകയും ചെയ്യുന്നുണ്ട്. എന്നിട്ടും അവർ വായ്പ അടയ്ക്കാൻ തയ്യാറാകുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
സമാനമായ സംഭവങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്. ആ സമയത്ത് പ്രതികൾ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കോടതി അത് തള്ളിക്കളഞ്ഞു.
നിലവിൽ ഇത്തരത്തിലുള്ള കേസുകൾ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. അൽ അഹ്‌ല ബാങ്കിൽ നിന്ന് വായ്പ എടുത്ത ശേഷം തിരിച്ചടക്കാത്ത നഴ്സുമാർക്കെതിരെയും കോടതി വഴി നിയമപോരാട്ടം നടത്താനാണ് ബാങ്കിന്റെ തീരുമാനമെന്നും അഡ്വ. തോമസ് ജെ ആനക്കല്ലുങ്കൽ പറഞ്ഞു.