വിമാനത്താവളത്തിൽ കൂടുതൽ കസ്റ്റംസ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കുവൈത്ത്

കുവൈത്ത് സിറ്റി : കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ഇനി മുതൽ വിലപിടിപ്പുള്ള വസ്തുക്കൾ കൊണ്ട് പോകുന്നതിന് കസ്റ്റംസ് ഡിക്ലറേഷൻ നിർബന്ധമാണ്. പണവുമായി യാത്ര ചെയ്യുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ അറിയിച്ചു.
ഇനി മുതൽ 3,000 ദിനാറോ അതിലധികമോ പണം കൊണ്ടുപോകുന്ന യാത്രക്കാർക്ക് കസ്റ്റംസ് ഡിക്ലറേഷൻ നിർബന്ധമാണ്. സ്വർണം, വിലയേറിയ വാച്ചുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങിയ സാധനങ്ങൾ കൈവശമുണ്ടെങ്കിൽ അത് യാത്രക്കാർ കസ്റ്റംസിനെ അറിയിക്കണം. ഹാൻഡ് ലഗേജിൽ വില കൂടിയ വസ്തുക്കൾ സൂക്ഷിക്കുന്നുണ്ടെങ്കിൽ അതിന്റെ ബിൽ കൈവശമുണ്ടാകണം. ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ ബിൽ നൽകണമെന്നും അധികൃതർ വ്യക്തമാക്കി.
കസ്റ്റംസിനെ അറിയിക്കാതെ സാധനങ്ങൾ കൊണ്ട് പോയാൽ അത് നിയമലംഘനമായി കണക്കാക്കുകയും, അവ കണ്ടു കെട്ടി തുടർ നടപടികൾ സ്വീകരിക്കും.വിമാനത്താവളം വഴിയുള്ള കള്ളക്കടത്ത് തടയുന്നതിന്റെ ഭാഗമായി ആണ് പുതിയ നിയന്ത്രണങ്ങൾ.
രാജ്യത്തേക്ക് പ്രവേശിക്കുമ്പോഴും,മടങ്ങി പോകുമ്പോഴും കസ്റ്റംസ് ഫോറം പൂരിപ്പിച്ച് നൽകണമെന്നും അധികൃതർ അറിയിച്ചു.