‘എക്കോണമി ക്ലാസ് വിത്തൗട്ട് ബാഗേജ്’; പുതിയ ബുക്കിങ് ഓപ്‌ഷനുമായി കുവൈത്ത് എയർവെയ്‌സ്

കുവൈത്ത് സിറ്റി : കുറഞ്ഞ ചെലവിൽ കൂടുതൽ സൗകര്യങ്ങളുമായി കുവൈത്ത് എയർവേയ്സിന്റെ പുത്തൻ ഇക്കണോമി ക്ലാസ് ഓപ്ഷൻ. ‘എക്കോണമി ക്ലാസ് വിത്തൗട്ട് ബാഗേജ്’ എന്ന് പേരിട്ടിരിക്കുന്ന വിഭാഗത്തിൽ ചെക്ക്–ഇൻ ബാഗേജ് അനുവദിക്കുന്നില്ല. പരമാവധി ഏഴ് കിലോഗ്രാം വരെ ഭാരമുള്ള ഒരു ഹാൻഡ് ലഗേജ് മാത്രം യാത്രക്കാരന് കൊണ്ടുപോകാം. ചെറുദൈർഘ്യമുള്ള ബിസിനസ് യാത്രകൾക്കും ഭാരമേറിയ സ്യൂട്ട്‌കേസ് ആവശ്യമില്ലാത്ത സ്വകാര്യ യാത്രകൾക്കുമായി ഏറ്റവും അനുയോജ്യമായ സംവിധാനമാണിതെന്ന് അധികൃതർ അറിയിച്ചു.
ടെർമിനൽ 4-ൽ സ്ഥാപിച്ചിട്ടുള്ള സെൽഫ് സർവീസ് മെഷീനുകൾ വഴി യാത്രക്കാർക്ക് നേരിട്ട് ബോർഡിങ് പാസ് എടുക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. യാത്രാനുഭവം കൂടുതൽ സുഗമമാക്കുന്നതോടൊപ്പം ഉയർന്ന നിലവാരത്തിലുള്ള സേവനം ഉറപ്പാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ചെയർമാൻ അബ്ദുൽ മൊഹസിൻ അൽ ഫഖാൻ വ്യക്തമാക്കി. വിമാനത്തിനുള്ളിലെ ആധുനിക സംവിധാനങ്ങളും വിനോദ സൗകര്യങ്ങളും വഴിയൊരുക്കി യാത്രക്കാരുടെ സംതൃപ്തി ഉയർത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ ക്രമീകരണത്തിൽ കുവൈത്ത് എയർവേയ്സിന്റെ ഇക്കണോമി ക്ലാസ് നാല് വിഭാഗങ്ങളാണ്: ബാഗേജ് രഹിത വിഭാഗം (ഹാൻഡ് ലഗേജ് മാത്രം), എക്കോണമി സേവർ (32 കിലോഗ്രാം വരെ ഒരു ചെക്ക്–ഇൻ ബാഗ്), സ്റ്റാൻഡേർഡ് എക്കോണമി (23 കിലോഗ്രാം വീതം രണ്ട് ചെക്ക്–ഇൻ ബാഗുകൾ), എക്കോണമി ഫ്‌ളെക്‌സ് (23 കിലോഗ്രാം വീതം രണ്ട് ചെക്ക്–ഇൻ ബാഗുകൾ, കൂടുതൽ സൗകര്യങ്ങളോടുകൂടി).