ജീവിതശൈലീ രോഗികൾക്കുള്ള നൂഡിൽസും പാസ്തയുമായി കുടുംബശ്രീ

തിരുവനന്തപുരം : പ്രമേഹ രോഗികൾക്കും ജീവിതശൈലീ രോഗികൾക്കുമായി ഹെൽത്തി നൂഡിൽസ് ഉൾപ്പെടെയുള്ള വിവിധ ഭക്ഷ്യോത്പ്പന്നങ്ങൾ വിപണിയിലെത്തിച്ച് കുടുംബശ്രീ. കുക്കീസ്, മുരിങ്ങ പാസ്ത, മില്ലറ്റ് മുസ്ലി,സൂപ്പ് മിക്സ്, മധുരമില്ലാത്ത കപ്പ് കേക്ക് തുടങ്ങിയ ഉത്പ്പന്നങ്ങളും അവതരിപ്പിച്ചു. പ്രമേഹത്തിനൊപ്പം ഹൈപ്പർ ടെൻഷൻ, അമിത വണ്ണം തുടങ്ങിയ ജീവിതശൈലീ പ്രശ്നങ്ങൾ നിയന്ത്രിക്കുന്നതിനും ഈ ഉത്പ്പന്നങ്ങൾ സഹായകമാകുമെന്ന് അധികൃതർ വ്യക്തമാക്കി. ജീവിതശൈലീ രോഗങ്ങളെ ആരോഗ്യകരമായി കൈകാര്യം ചെയ്യുന്നതിൽ കുടുംബശ്രീയുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
കുടുംബശ്രീ ലൈഫ്‌സ്റ്റൈൽ ഇനിഷ്യേറ്റീവ് ഫോർ വൈറ്റൽ എംപവർമെന്റ് എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. മുൻനിര ബ്രാൻഡഡ് ഉത്പ്പന്നങ്ങൾക്ക് സമാനമായ ആകർഷകമായ പാക്കേജിംഗിലാണ് ഉത്പ്പന്നങ്ങൾ ലഭ്യമാകുന്നത്. കാർഷികവും വ്യാവസായികവുമായ ഗവേഷണ സ്ഥാപനങ്ങളിൽ നിന്ന് കുടുംബശ്രീ സ്വന്തമാക്കിയ 180 സാങ്കേതിക വിദ്യകളിൽ 18 എണ്ണം പ്രത്യേകിച്ച് ജീവിതശൈലീ രോഗങ്ങൾ നേരിടുന്നവർക്കായി ഭക്ഷ്യോത്പ്പന്നങ്ങളുടെ സംസ്കരണത്തിനാണ് വിനിയോഗിച്ചിരിക്കുന്നത്. ഉത്പന്നങ്ങളുടെ ശാസ്ത്രീയ നിർമാണം ഉറപ്പാക്കുന്നതിനായി കുടുംബശ്രീ ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ആരംഭിച്ചു. തുടർന്ന് അവർ അംഗങ്ങൾക്ക് പരിശീലനം നൽകും.