കേരളത്തിലെ 79 മലയോര വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഇനി പ്ലാസ്റ്റിക് ‘ഫ്രീ’

കൊച്ചി : കേരളത്തിലെ 11 ജില്ലകളിലെ മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളെ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് രഹിത മേഖലകളായി പ്രഖ്യാപിക്കും. ഇതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ 79 വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ പരിസ്ഥിതി വകുപ്പ് 10 വിനോദ സഞ്ചാര കേന്ദ്രങ്ങളെ ഉയര്‍ന്ന ജനസാന്ദ്രതയുള്ള മലയോര പ്രദേശങ്ങളായി തരംതിരിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ എല്ലാ മലയോര പ്രദേശങ്ങളിലും നിലവില്‍ നിരോധിച്ച ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം, ഗതാഗതം, വില്‍പ്പന, ഉപയോഗം എന്നിവയും പൂര്‍ണമായി നിരോധിക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മൂന്ന് മാസത്തിനുള്ളില്‍ നിരോധനം പ്രാബല്യത്തില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലൈസന്‍സുള്ള കടയുടമകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ ഒഴിവാക്കാന്‍ ആവശ്യമായ സമയം നല്കുന്നു.
തദ്ദേശ സ്വയംഭരണ വകുപ്പ്, പൊലീസ്, മോട്ടോര്‍ വാഹനങ്ങള്‍, ടൂറിസം, വനംവകുപ്പുകള്‍, കേരള സംസ്ഥാന നിയന്ത്രണ ബോര്‍ഡ് എന്നിവയുമായി കൂടിയാലോചിച്ച് വിശദമായ ഒരു പദ്ധതി തയ്യാറാക്കുമെന്ന് കോടതിയെ അറിയിച്ചു.
നിരോധനം നടപ്പാക്കുന്നതിന്റെ ഭാഗമായി നിരോധിത ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ വില്‍പ്പനയിലോ ഉപയോഗത്തിലോ ഏര്‍പ്പെട്ടിരിക്കുന്ന ഹോട്ടലുകള്‍ക്കും ഹോംസ്റ്റേകള്‍ക്കും എന്‍ഒസി നല്‍കില്ല. മലയോര പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, കാറ്ററിങ് സേവനങ്ങള്‍ എന്നിവ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉപയോഗത്തിലോ വില്‍പ്പനയിലോ ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങള്‍ അഴയുടെ ലൈസന്‍സുകള്‍ പുതുക്കി നല്‍കില്ല. നിരോധിത പ്ലാസ്റ്റിക് ശേഖരിക്കുന്നതിനായി ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ കളക്ഷന്‍ പോയിന്റുകള്‍ സ്ഥാപിക്കും. ഇതിനായി തുച്ഛമായ ഫീസും നല്‍കും.
ഈ പ്രദേശങ്ങളിലേയ്ക്ക് പ്രവേശിക്കുന്ന ബസുള്‍പ്പെടെ എല്ലാ എല്ലാ പൊതുഗതാഗതങ്ങളിലും നിരോധനം ബാധകമാണ്. നിരോധിത ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ മലയോര പ്രദേശങ്ങളിലേയ്ക്ക് കടക്കുന്ന ഏതെങ്കിലും വാഹനങ്ങളില്‍ നിന്ന് കണ്ടെത്തിയാല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും.