കാസര്‍കോട് വെടിക്കെട്ട് അപകടം; പരിക്കേറ്റ ഒരാളുടെ നില അതീവഗുരുതരം
കാസര്‍കോട് : കാസർകോട് നീലേശ്വരം ക്ഷേത്രത്തിൽ കളിയാട്ട മഹോത്സവത്തിനിടയിൽ ഉണ്ടായ വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റ ഒരാളുടെ നില അതീവഗുരുതരമായി തുടരുന്നു. സംഭവത്തിൽ മൂന്ന് പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ഭരതൻ, സെക്രട്ടറി ചന്ദ്രശേഖരൻ, പടക്കം പൊട്ടിച്ച രാജേഷ് എന്നിവരെയാണ് നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്.
കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രി വെൻ്റിലേറ്ററിൽ ചികിത്സയിലുള്ളയാളാണ് അതീവ ഗുരുതരാവസ്ഥയിലുള്ളത്. കണ്ണൂർ മിംസിൽ 2 പേരും കോഴിക്കോട് മിംസിൽ 4 പേരും വെൻ്റിലേറ്ററിലുണ്ട്. 21 പേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇവരെ കൂടാതെ 81 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്. കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു.
മാനദണ്ഡങ്ങൾ ഒന്നും പാലിക്കാതെയായിരുന്നു വെടിക്കെട്ട്. വെടിപ്പുരയോട് ചേർന്ന് തന്നെ പടക്കം പൊട്ടിച്ചു. ഒരു സുരക്ഷാ സംവിധാനവും ഒരുക്കിയില്ല. ഉത്തര മലബാറിൽ തെയ്യക്കാലത്തിന് തുടക്കമായതോടെ ഇനി വരും ദിവസങ്ങളിൽ നിരവധി സ്ഥലങ്ങളിലാണ് കളിയാട്ടങ്ങൾ നടക്കുക. അപകടത്തിൻ്റെ പശ്ചാത്തലത്തിൽ ഓരോ കളിയാട്ട സ്ഥലത്തും പരിശോധന ശക്തമാക്കാനാണ് പൊലീസ് തീരുമാനം.