കേരളം

‘രക്ഷാദൗത്യം ഉപേക്ഷിച്ച നിലയിൽ, കർണാടക സർക്കാർ നാടകം കളിച്ചതായി തോന്നുന്നു’: എം വിജിന്‍ എംഎല്‍എ

ഷിരൂര്‍: അങ്കോലയിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുനായുള്ള തിരച്ചിൽ താൽക്കാലികമായി നിർത്തിവെച്ചു. നദിയിൽ ഇറങ്ങാൻ കാലാവസ്ഥ വെല്ലുവിളിയാണെന്ന് കർണാടക സർക്കാർ പറഞ്ഞു. അതേസമയം, കർണാടക സർക്കാറിന്‍റെ നടപടികൾ നാടകമാണെന്ന് എം.വിജിൻ എംഎൽഎ പറഞ്ഞു.

റോഡിലെ തടസ്സങ്ങൾ നീക്കി ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടികൾ മാത്രമാണ് നിലവിൽ അപകട സ്ഥലത്ത് നടക്കുന്നത്. നദിയിലെ തിരച്ചിൽ അവസാനിപ്പിച്ചാലും രക്ഷാപ്രവർത്തന സംഘം കരയിൽ തുടരുമെന്ന വാഗ്ദാനം പാലിക്കപ്പെട്ടില്ല. കർണാടക സ്വീകരിക്കുന്നത് നിഷേധാത്മക നിലപാടാണെന്നും എം.വിജിൻ പറഞ്ഞു. ‘ തിരച്ചില്‍ പൂർണമായും ഉപേക്ഷിക്കുക എന്ന തീരുമാനം കർണാടക നടപ്പിലാക്കായിരിക്കുന്നു.നദിയിലെ രക്ഷാപ്രവർത്തനം അവസാനിപ്പിച്ചാലും കരയിൽ ആളുണ്ടാവും എന്നു പറഞ്ഞു. അത് കാണുന്നില്ലെന്നും ആർമിയും നേവിയും എല്ലാം മടങ്ങിയിരിക്കുന്നെന്നും വിജിന്‍ പ്രതികരിച്ചു. ഇത് പ്രതിഷേധാർഹമായ സമീപനമാണെന്നും അദ്ദേഹം പറഞ്ഞു. തിരച്ചിൽ നിർത്തുന്നതിൽ വിഷമം ഉണ്ടെന്ന് അർജുന്റെ കുടുംബവും പ്രതികരിച്ചു.

രാവിലെ നേവിസംഘം പ്രദേശത്ത് എത്തിയെങ്കിലും ​ഗം​ഗാവലി പുഴയിൽ പരിശോധന നടത്താതെ മടങ്ങി. കാലാവസ്ഥ പൂർണ്ണമായും അനുകൂലമായാൽ മാത്രമേ തിരച്ചിൽ നടത്താൻ സാധിക്കൂ എന്നാണ് കാർവാർ എംഎൽഎ സതീഷ് സെയിൽ അറിയിക്കുന്നത്. സാധ്യമായതെല്ലാം ചെയ്തു എന്നാണ് നിലപാട്. തിരച്ചിൽ നിർത്താതിരിക്കാൻ കേരളം സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള എംഎൽഎമാർ ജില്ലാ കളക്ടറുമായി ഇന്ന് വീണ്ടും കൂടിക്കാഴ്ച്ച നടത്തും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button