കണ്ണൂരിന്റെ ‘രണ്ട് രൂപ ഡോക്ടർ’ രൈരു ഗോപാൽ വിടവാങ്ങി
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് പയ്യാമ്പലത്ത് നടക്കും.

കണ്ണൂർ: കണ്ണൂരിന്റെ ആരോഗ്യം കാത്ത ജനകീയനായ ഡോക്ടർ രൈരുഗോപാൽ (80) വിടവാങ്ങി. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. രണ്ട് രൂപ ഡോക്ടർ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ആതുര സേവന രംഗത്ത് കാലത്തിന്റെ കൈയൊപ്പ് ചാർത്തിയ ഡോക്ടറെ ഐ.എം.എ സംസ്ഥാനത്തെ മികച്ച കുടുംബഡോക്ടർക്കുള്ള അവാർഡ് നൽകി ആദരിച്ചിട്ടുണ്ട്. 18 ലക്ഷത്തോളം രോഗികൾക്ക് മരുന്നും സ്‌നേഹവും നൽകിയാണ് അദ്ദേഹം വിടവാങ്ങിയത്.
രോഗികളുടെ സമയം വിലപ്പെട്ടതാണെന്ന് മനസിലാക്കിയായിരുന്നു ഡോക്ടർ രൈരുവിന്റെ പ്രവർത്തനം. വിദ്യാർത്ഥികൾക്കും തൊഴിലാളികൾക്കും ഒരു പോലെ സൗകര്യപ്രദമായ വിധത്തിൽ പുലർച്ചെ മൂന്ന് മണി മുതലായിരുന്നു പരിശോധനകൾ നടത്തിയിരുന്നത്. കരുതലിന്റെയും ആശ്വാസത്തിന്റെയും തലോടലായിരുന്നു അദ്ദേഹം. ഒരു പിതാവോ, സഹോദരനോ നൽകുന്ന അതേ കരുതലോടെ തന്റെ മുന്നിലെത്തുന്നവരെ പരിചരിക്കുന്ന ഡോക്ടർ ഒരു നാടിന്റെ തന്നെ കുടുംബ ഡോക്ടറായി.
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് പയ്യാമ്പലത്ത് നടക്കും. അച്ഛൻ: പരേതനായ ഡോ. എ.ജി. നമ്പ്യാർ. അമ്മ: പരേതയായ എ.കെ. ലക്ഷ്മിക്കുട്ടിയമ്മ. ഭാര്യ: പി.ഒ. ശകുന്തള. മക്കൾ: ഡോ. ബാലഗോപാൽ, വിദ്യ. മരുമക്കൾ: ഡോ. തുഷാരാ ബാലഗോപാൽ, ഭാരത് മോഹൻ. സഹോദരങ്ങൾ: ഡോ. വേണുഗോപാൽ, പരേതനായ ഡോ. കൃഷ്ണഗോപാൽ, ഡോ. രാജഗോപാൽ.