സ്പോർട്സ്

യുവന്റൻസ് ഇതിഹാസതാരം ബൊനൂച്ചി ക്ലബ് ഫുട്ബോളിൽനിന്നും വിരമിച്ചു

റോം: ഇറ്റലിയുടെയും യുവന്റസിന്റെയും പ്രതിരോധ താരമായിരുന്ന ലിയനാർഡോ ബൊനൂച്ചി പ്രൊഫഷണൽ ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. യുവന്റസിനൊപ്പം 12 സീസണുകളിൽ കളത്തിലിറങ്ങിയ ബൊനൂച്ചി എ.സി മിലാൻ, ട്രെവിസോ, പിസ, ബാരി,യൂണിയൻ ബെർലിൻ അടക്കമുള്ള ക്ലബുകൾക്കായും ബൂട്ടുകെട്ടിയിട്ടുണ്ട്. 39കാരനായ താരം ഒടുവിൽ തുർക്കി ക്ലബ് ഫെനർബാഷെക്കൊപ്പമായിരുന്നു.

2010ൽ യുവന്റസിനൊപ്പം ചേർന്ന ബൊനൂച്ചിയെ ക്ലബിന്റെ ഇതിഹാസ താരങ്ങളിലൊരാളായാണ് പരിഗണിക്കുന്നത്. ജോർജിയോ ചെല്ലിനിക്കൊപ്പം പ്രതിരോധ നിരയിൽ സ്ഥിരസാന്നിധ്യമായിരുന്ന ബൊനൂച്ചി 2011–12, 2012–13, 2013–14, 2014–15, 2015–16, 2016–17, 2018–19, 2019–20 സീസണുകളിൽ യുവന്റസിനൊപ്പവും 2005–06 സീസണിൽ ഇന്റർ മിലാനൊപ്പവും സിരി എ കീരീടം നേടി. 2020ൽ ഇറ്റലി യൂറോ കീരീടം ചൂടുമ്പോൾ ഫൈനലിൽ മാൻ ഓഫ് ദി മാച്ചായത് ബൊനൂച്ചിയായിരുന്നു. 2012ൽ യൂറോ റണ്ണർ അപ്പായ ഇറ്റാലിയൻ ടീമിലും അംഗമായിരുന്നു. ഇറ്റലിക്കായി 121 മത്സരങ്ങളിൽ കളത്തിലിറങ്ങിയിട്ടുണ്ട്. 2018, 2022 ലോകകപ്പുകളിൽ ഇറ്റലിക്ക് ലോകകപ്പ് യോഗ്യത നേടാനാകാത്തത് ബൊനൂച്ചിയുടെ കരിയറിനും തിരിച്ചടിയായി. യുവന്റസി​നൊപ്പം 400 ലേറെ മത്സരങ്ങളിൽ കളത്തിലിറങ്ങിയ താരം നാലു കോപ്പ ഇറ്റാലിയ ട്രോഫികളും അഞ്ചു സൂപ്പർകോപ്പ കിരീടങ്ങളിലും പങ്കാളിയായിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button