“എപ്സ്റ്റ് ഫയൽ”: 30,000 പേജുകളുള്ള അന്വേഷണ രേഖകൾ പുറത്തുവിട്ട് നീതിന്യായ വകുപ്പ്

ന്യൂയോർക്ക് : പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗിക വ്യാപാരത്തിനും പീഡനത്തിനും ഇരയാക്കിയ കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട 30,000 പേജുകളുള്ള അന്വേഷണ രേഖകൾ നീതിന്യായ വകുപ്പ് പുറത്തുവിട്ടു. ഫയലുകൾ പുറത്തുവിടാൻ നവംബർ 19ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടിരുന്നു. 30 ദിവസത്തിനുള്ളിൽ ഫയലുകൾ പുറത്തു വിടാൻ നീതിന്യായ വകുപ്പിനു നിർദേശവും നൽകിയിരുന്നു.
എപ്സ്റ്റീനുമായുള്ള ബന്ധം വ്യക്തമാക്കുന്ന, മുൻ യുഎസ് പ്രസിഡന്റ് ബിൽ ക്ലിന്റന്റേയും മൈക്കൽ ജാക്സന്റെയും ചിത്രങ്ങൾ പുറത്തുവന്ന രേഖകളുടെ കൂട്ടത്തിലുണ്ട്. എപ്സ്റ്റീന്റെ ജീവിത പങ്കാളി ഗിസ്ലെയ്ൻ മാക്സ്‌വെല്ലിനൊപ്പം ബിൽ ക്ലിന്റൺ നീന്തൽ കുളത്തിലുള്ളതാണ് ഒരു ചിത്രം. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് ക്ലിന്റൺ പ്രതികരിച്ചില്ല. എപ്സ്റ്റീനുമായി സൗഹൃദം പുലർത്തിയതിൽ ഖേദിക്കുന്നെന്നും, അയാളുടെ ക്രിമിനൽ പശ്ചാത്തലം അറിയില്ലായിരുന്നെന്നും ക്ലിന്റൺ നേരത്തെ പറഞ്ഞിരുന്നു.
മൈക്രോസോഫ്റ്റ് സ്ഥാപകനും ലോകകോടീശ്വരന്മാരിലൊരാളുമായ ബിൽ ഗേറ്റ്സ്, ചിന്തകൻ നോം ചോംസ്കി തുടങ്ങിയവരും പുറത്തുവിട്ട ചിത്രങ്ങളിലുണ്ട്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി അടുത്ത സൗഹൃദം പുലർത്തിയിരുന്ന ആളാണ് എപ്സ്റ്റീൻ. എപ്സ്റ്റീന്റെ ലൈംഗിക കുറ്റകൃത്യങ്ങളെപ്പറ്റി അറിവില്ലായിരുന്നു എന്നാണ് ട്രംപ് മുൻപ് പ്രതികരിച്ചത്. ട്രംപ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോൾ ഈ വിഷയം സജീവ ചർച്ചയായിരുന്നു. അധികാരത്തിലെത്തിയാൽ എപ്സ്റ്റീന്‍ ഫയലുകൾ പുറത്തുവിടുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.
പ്രമുഖ വ്യക്തികൾക്കായി ലൈംഗിക പാർട്ടികൾ സംഘടിപ്പിച്ചുവെന്നും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികത്തൊഴിലിനു പ്രേരിപ്പിച്ചുവെന്നടക്കം ഒട്ടേറെ ആരോപണങ്ങൾ നേരിട്ടയാളാണ് ജെഫ്രി എപ്‌സ്റ്റീൻ. ന്യൂയോർക്ക് സിറ്റിയിലെ പ്രമുഖ വിദ്യാലയമായ ഡാൽട്ടൺ സ്കൂളിലെ ഗണിതാധ്യാപകനായിരുന്ന ജെഫ്രി എപ്‌സ്റ്റൈൻ 1970-കളിൽ ജോലി ഉപേക്ഷിച്ച് ഇൻവെസ്റ്റ്‌മെൻറ് ബാങ്കായ ബെയർ സ്റ്റേൺസിൽ ചേർന്നു.
1982ൽ സ്വന്തം സ്ഥാപനമായ ജെ.എപ്‌സ്റ്റീൻ ആൻഡ് കോ സ്ഥാപിച്ചു. നൂറു കോടി ഡോളറിലധികം വരുമാനമുള്ളവർക്കായി പ്രത്യേക സേവനങ്ങൾ വാഗ്ദാനം ചെയ്ത് എപ്‌സ്റ്റീൻ പ്രമുഖരുമായി വ്യക്തിബന്ധം സ്ഥാപിച്ചു. തുടർന്ന് എപ്‌സ്റ്റീൻ അവർക്കായി പാർട്ടികൾ സംഘടിപ്പിച്ചു. ലൈംഗികവൃത്തിക്കായി കുട്ടികളെ കടത്തിയതിന് അറസ്റ്റിലായ എപ്‌സ്റ്റീനെ 2019 ജൂലൈയിൽ ജയിലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.



