ശമ്പളവും ജോലി ലഭ്യതയും ഉറപ്പാക്കണം; ഇംഗ്ലണ്ടിൽ ജൂനിയർ ഡോക്ടർമാർ വീണ്ടും പണിമുടക്കിൽ

ലണ്ടൻ : പ്രധാനമന്ത്രി കെയർ സ്റ്റാർമറുടെ മുന്നറിയിപ്പ് തള്ളി ഇംഗ്ലണ്ടിൽ ജൂനിയർ ഡോക്ടർമാർ അഞ്ചു ദിവസത്തെ പണിമുടക്ക് തുടങ്ങി. ശമ്പളവും ജോലി ലഭ്യതയും ഉറപ്പാക്കമെന്ന് ആവശ്യപ്പെട്ടാണ് ജൂനിയർ റിസഡന്റുമാർ വീണ്ടും സമര രംഗത്ത് ഇറങ്ങിയിരിക്കുന്നത്.
ലേബർ സർക്കാർ ശമ്പളത്തെയും ജോലി ലഭ്യതയെയും കുറിച്ചുള്ള ആശങ്കകൾ വേണ്ടവിധം പരിഹരിക്കുന്നതിൽ പരാജയപ്പെട്ടതായി സമരക്കാർ പറഞ്ഞു.
റസിഡന്റ് ഡോക്ടർമാരെ പ്രതിനിധീകരിക്കുന്ന യൂണിയനായ ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ (ബിഎംഎ) സംഘടിപ്പിച്ച ഓൺലൈൻ ബാലറ്റിന് തുടർച്ചയായാണ് പണിമുടക്കിലേക്ക് പ്രവേശിച്ചത്. ഏകദേശം 30,000 അംഗങ്ങൾ സർക്കാരിന്റെ പണിമുടക്ക് വിരുദ്ധ നിർദ്ദേശം തള്ളി വോട്ട് ചെയ്തു. ഡിസംബർ 22 വരെ പണിമുടക്ക് തുടരും. ഇംഗ്ലണ്ടിലെ മെഡിക്കൽ വർക്ക്ഫോഴ്‌സിന്റെ പകുതിയോളം വരുന്നവരാണ് സമര രംഗത്ത് ഇറങ്ങിയിരിക്കുന്നത്.
റസിഡന്റ് ഡോക്ടർമാരുടെ ശമ്പള പുനഃസ്ഥാപനത്തെക്കുറിച്ചുള്ള തർക്കം വർഷങ്ങളായി തുടരുന്നതാണ്. ഇടക്കാലത്ത് വാഗാദാനം ചെയ്ത ചെറിയ ശമ്പള വർദ്ധനവ് പോലും പണപ്പെരുപ്പം കാരണം ഇല്ലാതാതായ സാഹചര്യമാണ്. ഇപ്പോൾ തങ്ങളുടെ യഥാർത്ഥ വരുമാനം 2008 ലെ നിലവാരത്തിനും താഴെയാണെന്നും തൊഴിലാളികൾ ചൂണ്ടികാട്ടുന്നു.
ജോലി ലഭിച്ചവർ ചുരുങ്ങിയ വേതനത്തിൽ ജോലി ചെയ്യേണ്ടി വരുന്നു. മറുവശത്ത് യോഗ്യതയുള്ള ഡോക്ടർമാർക്ക് നാഷണൽ ഹെൽത്ത് സർവീസ് (എൻഎച്ച്എസ്) തസ്തികകൾ ലഭ്യമാവാതെ മെഡിക്കൽ രംഗത്ത് നിന്ന് മാറ്റി നിർത്തപ്പെടുകയും ചെയ്യുന്നു. ജൂനിയർ ഡോക്ടർമാരെ ഇതര രാജ്യങ്ങളിൽ കുടിയേറാനോ വൈദ്യശാസ്ത്രം തന്നെ ഉപേക്ഷിക്കാനോ നിർബന്ധിതരാക്കുന്ന മോശം തൊഴിൽ നയങ്ങളാണ് സർക്കാർ തുടരുന്നതെന്നും സമരക്കാർ ചൂണ്ടികാണിക്കുന്നു.
പണിമുടക്ക് തുടങ്ങുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് ബിഎംഎ യ്ക്ക് അവസാന ഓഫർ നൽകി. ശമ്പള, തൊഴിൽ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്ന് അവകാശപ്പെട്ടു. ഈ നിർദ്ദേശ 83% റസിഡന്റ് ഡോക്ടർമാരും വോട്ടിനിട്ട് നിരസിച്ചു. പണിമുടക്കിൽ ഉറച്ചു നിന്നു.
ഉയർന്ന അണുബാധ നിരക്കും ഭാരിച്ച ജോലിഭാരവും ഉള്ള ഒരു കാലഘട്ടത്തിൽ പണിമുടക്കിയ റസിഡന്റ് ഡോക്ടർമാരെ നിരുത്തരവാദപരമായി പെരുമാറുന്നു എന്ന് ആരോപിച്ചാണ് സർക്കാർ നേരിട്ടത്. ഇത് രോഗികൾക്ക് ദോഷം വരുത്തുമെന്ന് സൂചിപ്പിക്കയും ചെയ്തു. ആരോഗ്യ വകുപ്പ് യൂറോപ്പിലുടനീളം അസാധാരണമാംവിധം കഠിനവുമായ ഫ്ലൂ പടരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിന്റെ വൈകാരികതയെ ഡോക്ടർമാർക്കെതിരെ മുതലെടുക്കാനായിരുന്നു സർക്കാർ ശ്രമം.
അതേസമയം, ആരോഗ്യ മേഖലയ്ക്ക് പുറത്തുനിന്നും സമരത്തിന് പിന്തുണ ലഭിച്ചു തുടങ്ങിയി. ചില എംപിമാർ പിക്കറ്റ് ലൈനുകളിൽ ഡോക്ടർമാർക്കൊപ്പം ചേർന്നു. “ഡോക്ടർമാർക്ക് ശരിയായ ശമ്പളം നൽകാത്തതും അവർക്ക് എൻഎച്ച്എസിൽ തുടരാൻ കഴിയുമെന്ന് ഉറപ്പാക്കാത്തതുമാണ് യഥാർത്ഥത്തിൽ രോഗികളെ അപകടത്തിലാക്കുന്നത്,” എന്ന് എം പി ജെറമി കോർബിൻ പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചു.
കഴിഞ്ഞ ആഴ്ച സർക്കാർ നൽകിയ ഏറ്റവും പുതിയ ഓഫറിൽ പുതിയ ശമ്പള വ്യവസ്ഥകൾ ഉൾപ്പെടുത്തിയിരുന്നില്ല. ഇത് പ്രതിഷേധം കത്തിച്ചു. കെയർ സ്റ്റാർമർ സർക്കാർ അധികാരമേറ്റതിന് തൊട്ടുപിന്നാലെ യൂണിയൻ 29 ശതമാനം വർധന ആവശ്യപ്പെട്ടിരുന്നു. എന്നാൽ 22 ശതമാനം ശമ്പള വർദ്ധനവ് വാഗ്ദാനം ചെയ്യുന്ന ഒരു കരാറിന് ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് ശ്രിമിച്ചു.
പണപ്പെരുപ്പം മൂലം വർഷങ്ങളായി തകർന്നടിഞ്ഞ ഡോക്ടർമാരുടെ ജീവിതം കഷ്ടത്തിലാണ്. 2008, 2009 ലെ യഥാർത്ഥ ശമ്പള നിലവാരത്തിലേക്ക് ശമ്പളം തിരികെ കൊണ്ടുവരണമെന്നാണ് ഡോക്ടർമാർ ആവശ്യപ്പെടുന്നത്. പൂർണ്ണ ശമ്പള പുനഃസ്ഥാപനം എന്നാണ് അവർ ആവശ്യത്തെ വിശേഷിപ്പിക്കുന്നത്.



