തദ്ദേശ ഉപതെരഞ്ഞെടുപ്പ് : എല്‍ഡിഎഫ് മുന്നേറ്റം; 30 ല്‍ 17 ഇടത്ത് വിജയം

തിരുവനന്തപുരം : സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മുന്നേറ്റം. ഇടതുമുന്നണി 17 സീറ്റില്‍ വിജയിച്ചു. യുഡിഎഫിന് 12 സീറ്റ് ലഭിച്ചപ്പോള്‍ എസ്ഡിപിഐ ഒരു വാര്‍ഡില്‍ വിജയിച്ചു. തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷൻ ശ്രീവരാഹം വാർഡിൽ എൽഡിഎഫ് വിജയിച്ചു.
മലപ്പുറം കരുളായി പഞ്ചായത്ത് ചക്കിട്ടമല, ആലപ്പുഴ മുട്ടാര്‍ മിത്രക്കരി, മൂവാറ്റുപുഴ നഗരസഭ വാര്‍ഡ് 13 എന്നി വാര്‍ഡുകള്‍ യുഡിഎഫ് നിലനിര്‍ത്തി. അതേസമയം ഇടതുമുന്നണി രണ്ട് സീറ്റുകള്‍ പിടിച്ചെടുത്തു. തിരുവനന്തപുരം പൂവച്ചല്‍ പുളിക്കോട്, എറണാകുളം പൈങ്ങോട്ടൂര്‍ പനങ്കര വാര്‍ഡുകളാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്.
സംസ്ഥാനത്ത് ഇന്നലെ നടന്ന തദ്ദേശ ഉഫതെരഞ്ഞെടുപ്പിൽ 30 വാർഡുകളിലായി ആകെ 87 സ്ഥാനാർത്ഥികളാണ് ജനവിധി തേടിയത്. കാസർകോട് ജില്ലയിലെ മടിക്കൈ ഗ്രാമപഞ്ചായത്തിലെ കോളിക്കുന്ന് കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്തിലെ പള്ളിപ്പാറ വാർഡുകളിൽ ഇടതു സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ശേഷിച്ച 28 വാർഡുകളിലായിരുന്നു വോട്ടെടുപ്പ് നടന്നത്.