സിബിഐ കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണി; സംഗീത സംവിധായകൻ ജെറി അമല്‍ദേവില്‍നിന്ന് പണം തട്ടാന്‍ ശ്രമം

കൊച്ചി: സംഗീത സംവിധായകൻ ജെറി അമൽ ദേവിൽ നിന്ന് സിബിഐ ഉദ്യോഗസ്ഥർ ചമഞ്ഞ് പണം തട്ടാൻ ശ്രമം. സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയാക്കി അറസ്റ്റ് ചെയ്യുമെന്ന് തട്ടിപ്പ് സംഘം ഭീഷണിപ്പെടുത്തുകയായിരുന്നു.വിർച്വൽ അറസ്റ്റിലാണെന്നും പണം ഉടൻ കൈമാറണമെന്നും സംഘം ഫോണിലൂടെ ആവശ്യപ്പെട്ടു. 1,70000 രൂപയാണ് ഇവർ ആവശ്യപ്പെട്ടത്.
പണം പിൻവലിക്കാൻ ബാങ്കിൽ എത്തിയപ്പോഴാണ് തട്ടിപ്പാണെന്ന് ബോധ്യമായത്. പണം നൽകുന്നതിനായി കൊടുത്ത അക്കൗണ്ട് കമ്പനിയുടെ പേരിലായിരുന്നു. തട്ടിപ്പെന്ന് സംശയം തോന്നിയ ബാങ്ക് മാനേജർ അറിയിച്ചതനുസരിച്ച് പോലീസ് എത്തുകയായിരുന്നു. ബോംബെയിലെ ധാരാവിയിൽ നിന്നാണ് വിളിക്കുന്നതെന്നാണ് ഫോണിൽ സംസാരിച്ചവർ പറഞ്ഞതെന്ന് ജെറി അമൽദേവ് പ്രതികരിച്ചു. സംഭവത്തിൽ അദ്ദേഹം എറണാകുളം നോർത്ത് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.