രണ്ടാംഘട്ട വോട്ടെടുപ്പ്: ജമ്മു കശ്മീർ ഇന്ന് ബൂത്തിലേക്ക്
ശ്രീനഗർ: രണ്ടാംഘട്ട വോട്ടെടുപ്പിനായി ജമ്മുകശ്മീർ ബുധനാഴ്ച ബൂത്തിലേക്ക്. വലിയ പോരാട്ടം നടക്കുന്ന ശ്രീനഗർ ജില്ല ഉൾപ്പെടുന്ന ലാൽചൗക്ക്, ഹസ്രത്ത്ബാൽ, ഈദ് ഗാഹ് തുടങ്ങി 26 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ്. 238 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.
നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡന്റും മുൻ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുല്ല മത്സരിക്കുന്ന ഗാന്ധർബൽ മണ്ഡലത്തിലാണ് ശക്തമായ മത്സരം. ഗാന്ധർബാലിൽ പാർട്ടി വിട്ട മുൻ എംഎൽഎ ഇഷ്ഫഖ് ജബ്ബാർ സ്വന്തമായി പാർട്ടിയുണ്ടാക്കി മത്സരിക്കുന്നത് ഒമറിന് കടുത്ത വെല്ലുവിളിയാണ്. ബഡ്ഗാമിലും പോരാട്ടം കടുപ്പമാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയോട് തോറ്റ ഒമറിന് ഇത്തവണ വിജയം അനിവാര്യമാണ്.
ബിജെപിയുടെ ബൽദേവ് രാജ് ശർമ്മയും എൻസി – കോൺഗ്രസ് സഖ്യത്തിലെ ദൂപീന്ദർ സിങ്ങും മത്സരിക്കുന്ന വൈഷ്ണോദേവിയിലെ പോരാട്ടം ബിജെപിക്ക് നിർണായകമാണ്. ജമ്മു കാശ്മീരിൽ ഒന്നാം ഘട്ടത്തിലെ പോളിങ് ശതമാനം ഉയർന്നത് രണ്ടും മൂന്നും ഘട്ടത്തിൽ ആവർത്തിക്കും എന്നാണ് പാർട്ടികളുടെ വിലയിരുത്തൽ.
ഇന്ന് സോപോറയിൽ നടക്കുന്ന പൊതുറാലിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പങ്കെടുക്കും. ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കർശന സുരക്ഷയാണ് പോളിങ് ബൂത്തുകളിൽ ഉൾപ്പെടെ ഏർപ്പെടുത്തിയിരിക്കുന്നത്.