ദേശീയം

ജമ്മു കശ്മീരില്‍ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്;കനത്ത സുരക്ഷ

ശ്രീനഗര്‍: ജമ്മു കശ്മീര്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. ഏഴു ജില്ലകളിലായി 24 നിയമസഭ മണ്ഡലങ്ങളാണ് പോളിങ് ബൂത്തിലേക്കെത്തുന്നത്. 10 വർഷത്തിന് ശേഷമാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പ് കണക്കിലെടുത്ത് സംസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.

കശ്മീരിലെ അനന്ത്‌നാഗ്, പുല്‍വാമ, കുല്‍ഗാം, ഷോപ്പിയാന്‍ ജില്ലകളും ജമ്മുവിലെ രരംബാന്‍, കിഷ്ത്വാര്‍, ഡോഡ എന്നീ ജില്ലകളിലായി, 24 മണ്ഡലങ്ങളാണ് പോളിങ് ബൂത്തിലേക്കെത്തുന്നത്. 24 മണ്ഡലങ്ങളിൽ 8 എണ്ണം ജമ്മുവിലും 16 എണ്ണം കശ്മീരിലുമാണ്. 219 സ്ഥാനാര്‍ത്ഥികളാണ് ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നത്. ബിജെപിക്ക് സ്വാധീനം ഇല്ലാത്ത മേഖലകളിലാണ് ആദ്യ ഘട്ട തെരഞ്ഞെടുപ്പ്. എങ്കിലും, വ്യാപകമായി സ്വതന്ത്ര സ്ഥാനാർത്ഥികളെ നിർത്തി വോട്ട് ഭിന്നിപ്പിക്കാൻ അവർ ശ്രമിച്ചിട്ടുണ്ട്.

ഇന്നു നടക്കുന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ 23.37 ലക്ഷം പേരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുക. നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി, ബിജെപി, കോണ്‍ഗ്രസ് പാര്‍ട്ടികളെല്ലാം മത്സരരംഗത്തുണ്ട്. സിപിഎം കേന്ദ്രകമ്മറ്റി അംഗവും റദ്ദാക്കിയ നിയമസഭയിലെ അംഗവുമായിരുന്ന മുഹമ്മദ് യൂസഫ് തരിഗാമിയാണ് ആദ്യ ഘട്ടത്തിലെ ശ്രദ്ധേയ സ്ഥാനാർഥി. ജനങ്ങള്‍ക്ക് നിര്‍ഭയമായി വോട്ടു ചെയ്യാന്‍ അവസരമൊരുക്കുക ലക്ഷ്യമിട്ട്, ജമ്മു കശ്മീര്‍ പൊലീസിന് പുറമേ കേന്ദ്രസേനയേയും വിന്യസിച്ചതായി അധികൃതര്‍ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button