ഇറ്റാലിയൻ മാഫിയാ സംഘങ്ങളും ജോർജിയൻ ക്രിമിനൽ ഗ്രൂപ്പുകളും മാൾട്ടയിൽ സാന്നിധ്യമുറപ്പിക്കുന്നു : യൂറോപോൾ റിപ്പോർട്ട്
ഇറ്റാലിയൻ മാഫിയാ സംഘങ്ങൾക്കും ജോർജിയൻ കുറ്റവാളി ഗ്രൂപ്പുകൾക്കും മാൾട്ടയിൽ സാന്നിധ്യമുണ്ടെന്ന് കണ്ടെത്തൽ. യൂറോപോൾ പുറത്തുവിട്ട പുതിയ റിപ്പോർട്ട് അനുസരിച്ചാണ് മാൾട്ടയടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളിൽ അന്താരാഷ്ട്ര ക്രിമിനൽ സംഘങ്ങൾ സ്ഥാനമുറപ്പിച്ചതായുള്ള വിവരങ്ങൾ ഉള്ളത്. മയക്കുമരുന്ന് കടത്ത് മുതൽ സംഘടിത സ്വത്ത് കുറ്റകൃത്യങ്ങൾ വരെയുള്ള വിവിധ കുറ്റകൃത്യങ്ങളിലാണ് ഇവർ ഏർപ്പെടുന്നത്.
പരമ്പരാഗതമായി മാഫിയാ പ്രവർത്തനങ്ങൾ നടത്തുന്ന ഇറ്റാലിയൻ കുറ്റവാളി സംഘടനകൾ അവരുടെ പ്രവർത്തനങ്ങൾ ഇറ്റലിക്ക് പുറത്തേക്കും വിപുലീകരിച്ചിട്ടുണ്ട്. ലോകമെമ്പാടുമായി 45 ൽ കൂടുതൽ രാജ്യങ്ങളിലാണ് നിലവിൽ ഇവരുടെ സാന്നിധ്യമുള്ളത്.യൂറോപ്യൻ യൂണിയണ് അംഗരാജ്യങ്ങളായ ബെൽജിയം, ജർമ്മനി, നെതർലാൻഡ്സ്, മാൾട്ട, റൊമാനിയ, സ്പെയിൻ എന്നിവിടങ്ങളിൽ ഈ സംഘങ്ങൾക്ക് വ്യാപകമായ സ്വാധീനമുണ്ടെന്നാണ് യൂറോപോൾ കണ്ടെത്തൽ. കൊളംബിയ, സ്വിറ്റ്സർലാൻഡ്, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിലും ഈ ഇറ്റാലിയൻ കുറ്റവാളി സംഘടനകൾക്ക് സാന്നിധ് മുണ്ട്. കൊക്കെയ്ൻ, കഞ്ചാവ്, ഹെറോയിൻ തുടങ്ങിയ മയക്കുമരുന്നുകളുടെ കടത്ത്; ഭീഷണിപ്പെടുത്തലും തട്ടിക്കൊണ്ടുപോകലും, മാലിന്യ കടത്ത്, പണം വെളുപ്പിക്കൽ എന്നീ മേഖലകളിലാണ് ഇവരുടെ പ്രധാന പ്രവർത്തനങ്ങൾ.
സംഘടിത സ്വത്ത് കുറ്റകൃത്യങ്ങൾക്കായി ജോർജിയൻ കുറ്റവാള സംഘടനകളും മാൾട്ടയിലേക്ക് വ്യാപിച്ചിട്ടുണ്ട്. മോഷണങ്ങളിലും ആക്രമണങ്ങളിലും ഇവർ വൈദഗ്ധ്യം നേടിയിട്ടുണ്ട്. ഗ്രീസ്, ഇറ്റലി, പോളണ്ട്, പോർച്ചുഗൽ, സ്പെയിൻ തുടങ്ങിയ മറ്റ് യൂറോപ്യൻ രാജ്യങ്ങളെയും ബാധിക്കുന്നുണ്ടെങ്കിലും മാൾട്ടയാണ് ഇവരുടെ താവളങ്ങളിൽ പ്രമുഖം. ജോർജിയ, ഇറ്റലി, ക്രൊയേഷ്യ, റുമാനിയ എന്നിവിടങ്ങളിൽ നിന്നുള്ള ക്രിമിനലുകളാണ് രണ്ടു സംഘത്തിലും കൂടുതലായുള്ളത്.