ഗസ്സയിൽ മാധ്യമപ്രവർത്തകരുടെ ടെന്റിന് നേരെ ഇസ്രായേൽ ആക്രമണം; രണ്ട് പേർ കൊല്ലപ്പെട്ടു

ഗസ്സ സിറ്റി : ഗസ്സയിൽ മാധ്യമപ്രവർത്തകരെ പാർപ്പിച്ചിരിക്കുന്ന ടെന്റിന് നേരെ ഇസ്രായേലിന്റെ ബോംബാക്രമണം. രണ്ട് പേർ കൊല്ലപ്പെട്ടു. ഏഴ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്. ഖാൻ യൂനിസിലെ നാസർ ആശുപത്രിക്ക് സമീപമുള്ള മാധ്യമപ്രവർത്തകരുടെ ടെന്റിന് നേരെയാണ് ഇസ്രായേൽ ബോംബാക്രമണം നടത്തിയത്.
ഗുരുതരാവസ്ഥയിൽ കഴിയുന്ന ഒരാൾക്ക് മാരകമായി പൊള്ളലേറ്റിട്ടുണ്ട്. രണ്ടാമത്തെയാൾക്ക് തലക്കാണ് പരിക്ക്. ഖാൻ യൂനിസിലെ ഒരു വീട്ടിൽ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ ഒൻപത് പേർ മരിച്ചു. മരിച്ചവരിൽ ഭൂരിഭാഗവും കുട്ടികളാണ്. മണിക്കൂറുകളുടെ വ്യത്യസത്തിലാണ് രണ്ട് ആക്രമണങ്ങളും ഇസ്രായേൽ സൈന്യം നടത്തിയത്.
അധിനിവേശ വെസ്റ്റ് ബാങ്കിലെ ടർമസ് അയ പട്ടണത്തിന് സമീപം കല്ലെറിഞ്ഞ ഒരു ഭീകരനെ വധിച്ചതായി ഇസ്രായേൽ സൈന്യം പറഞ്ഞു. എന്നാൽ കൊല്ലപ്പെട്ടത് 14 വയസ്സുള്ള ഒരു ഫലസ്തീൻ-അമേരിക്കൻ ബാലനാണെന്ന് ഫലസ്തീൻ ഉദ്യോഗസ്ഥർ പറഞ്ഞു.
അതേസമയം, ഗസ്സയിലെ സംഘർഷം റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകരുടെ അവസ്ഥ വളരെ മോശമാണെന്ന് വാട്സൺ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർനാഷണൽ ആൻഡ് പബ്ലിക് അഫയേഴ്‌സ്. ഇതുവരെ ഉണ്ടായതിൽ വെച്ച് ഏറ്റവും മാരകമായ അവസ്ഥയിലൂടെയാണ് ഗസ്സയിൽ മാധ്യമപ്രവർത്തകർ കടന്നുപോകുന്നതെന്നും റിപ്പോർട്ട് പറയുന്നു. 2023 ഒക്ടോബർ 7 മുതൽ ഇസ്രായേൽ സൈന്യം 232 മാധ്യമപ്രവർത്തകരെ കൊലപ്പെടുത്തിയതായി ഏപ്രിൽ 1 ന് പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ യുഎസ് ആസ്ഥാനമായുള്ള തിങ്ക് ടാങ്ക് ചൂണ്ടിക്കാട്ടിയിരുന്നു.