യമനിലെ ഹുദൈദ, സാലിഫ് തുറമുഖങ്ങൾക്ക് നേരെ ഇസ്രായേൽ ആക്രമണം

ഏദൻ : യമനിലെ രണ്ട് തുറമുഖങ്ങൾക്ക് നേരെ ഇസ്രായേൽ ആക്രമണം. വെള്ളിയാഴ്ചയാണ് ഹുദൈദ, സാലിഫ് തുറമുഖങ്ങൾക്ക് നേരെ ആക്രമണമുണ്ടായത്. ഹൂതികളുടെ കേന്ദ്രങ്ങൾ ആക്രമിക്കുമെന്ന് ഇസ്രായേൽ അറിയിച്ചിരുന്നു. ഗസ്സയിലെ ഫലസ്തീനികൾക്ക് പിന്തുണയറിയിച്ച് ഇസ്രായേലിന് നേരെ ഹൂതികൾ നിരവധി തവണ ആക്രമണം നടത്തിയിരുന്നു. ഹൂതി ആക്രമണങ്ങൾ യു.എസ് കപ്പലുകളേയും ബാധിച്ചിരുന്നു.
30ഓളം ആക്രമണങ്ങൾ ഹൂതികളെ ലക്ഷ്യമിട്ട് നടത്തിയെന്നാണ് ഇസ്രായേൽ അവകാശപ്പെടുന്നത്. ഇത് എട്ട് എണ്ണം ഹുദൈദ, സാലിഫ് തുറമുഖങ്ങളിലാണ്. ഇസ്രായേൽ ആക്രമണങ്ങളിൽ ഒരാൾ കൊല്ലപ്പെടുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് ഹൂതികളുടെ ആരോഗ്യമന്ത്രാലയം അറിയിച്ചു.
നാല് വലിയ ശബ്ദം തുറമുഖത്തിന്റെ ഭാഗത്ത് നിന്ന് കേട്ടുവെന്ന് ഹുദൈദ നിവാസികളും അറിയിച്ചു. തുറമുഖത്തിന്റെ ഭാഗത്ത് നിന്ന് പുക ഉയരുന്നത് കണ്ടതായും അവർ പറഞ്ഞു. ഹൂതി നേതാവിനെ വധിച്ചുവെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും പ്രതിരോധമന്ത്രി കാറ്റ്സും അവകാശപ്പെടുന്നുണ്ട്.
ഇനിയും ഹൂതികൾ ആക്രമണം നടത്തുകയാണെങ്കിൽ അവർക്ക് കനത്ത തിരിച്ചടിനൽകുമെന്നും ഇസ്രായേൽ അറിയിച്ചു. അതേസമയം, ഗസ്സയിൽ ഇസ്രായേൽ ആക്രമണം ശക്തമാക്കുകയാണ്. ഗസ്സയിൽ വീണ്ടും നടത്തിയ ആക്രമണത്തിൽ 115 പേരാണ് കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിൽ മരിച്ചത്.