ഒക്ടോബർ ഏഴ് ആക്രമണത്തിന് മുമ്പ് ഹമാസിന്റെ ശക്തിയെ വളരെയധികം കുറച്ചുകണ്ടു : ഇസ്രായേൽ സൈന്യം

ജെറുസലേം : 2023 ഒക്ടോബർ ഏഴിന് ഇസ്രായേലിനെതിരായ ആക്രമണത്തിന് മുമ്പ് ഹമാസിന്റെ ശക്തിയെ വളരെയധികം കുറച്ചുകണ്ടതായി വ്യാഴാഴ്ച പുറത്തുവന്ന ഇസ്രായേലി സൈനിക അന്വേഷണത്തിൽ പറയുന്നു. ഇസ്രായേലി സിവിലിയന്മാരെ സംരക്ഷിക്കാനുള്ള ദൗത്യത്തിൽ സൈന്യം പരാജയപ്പെട്ടുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
ഹമാസിന് പൂർണതോതിലുള്ള യുദ്ധത്തിന് താൽപ്പര്യമില്ലെന്നും ഈ നിലപാട് മാറിയാൽ ഇസ്രായേലിന് മതിയായ മുന്നറിയിപ്പ് ലഭിക്കുമെന്നുമുള്ള ധാരണ വർഷങ്ങളോളം ചോദ്യം ചെയ്യപ്പെടാതെ തുടർന്നു. ഇതിനാൽ തന്നെ ആക്രമണം ചെറുക്കാനുള്ള തയ്യാറെടുപ്പിന്റെ അഭാവമുണ്ടായി. ഗസ്സയിലെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തി യുദ്ധം ഇല്ലാതാക്കി ഹമാസിനെ സ്വാധീനിക്കാൻ കഴിയുമെന്നായിരുന്നു വിശ്വാസമെന്നും റിപ്പോർട്ടിലുണ്ട്. 2023 ഒക്ടോബർ 7-ന് മുമ്പും ശേഷവുമുള്ള ഇസ്രായേലി സൈനിക തന്ത്രം, യുദ്ധ രീതികൾ, ഇന്റലിജൻസ് എന്നിവ അന്വേഷണത്തിന്റെ ഭാഗമായിരുന്നു.
ഏറ്റവും മോശം സാഹചര്യത്തിൽ പോലും ഹമാസിന് പരമാവധി എട്ട് അതിർത്തി പോയിന്റുകളിൽനിന്ന് കര ആക്രമണം ആരംഭിക്കാൻ കഴിയുകയുള്ളുവെന്നാണ് സൈനിക ഉദ്യോഗസ്ഥർ കരുതിയതെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ, ഇസ്രായേലിനെ ആക്രമിക്കാൻ ഹമാസിന് 60ലധികം വഴികളുണ്ടായിരുന്നുവെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. നേരത്തെ മൂന്ന് തവണ ഹമാസ് ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നെങ്കിലും അജ്ഞാതമായ കാരണങ്ങളാൽ അത് വൈകിപ്പിച്ചു.
ഹമാസ് മുൻ തലവൻ യഹ്‌യ സിൻവാറിന്റെ നേതൃത്വത്തിൽ 2017ൽ തന്നെ ആക്രമണത്തിനുള്ള ആസൂത്രണം ആരംഭിച്ചിരുന്നുവെന്ന് ഇന്റലിജൻസ് വിവരങ്ങൾ കാണിക്കുന്നുവെന്ന് ഇസ്രായേലി സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു. ആയിരക്കണക്കിന് ഹമാസ് പോരാളികൾ ഇസ്രായേലിന്റെ അതിർത്തി ഭേദിച്ച് റോക്കറ്റുകൾ വർഷിച്ചപ്പോൾ ഇസ്രായേൽ സൈന്യം അമ്പരന്നു. ഇവർ നിരീക്ഷണ ക്യാമറകൾ പ്രവർത്തനരഹിതമാക്കുകയും അതിർത്തിയിൽ നിലയുറപ്പിച്ച നൂറുകണക്കിന് സൈനികരെ പെട്ടെന്ന് കീഴടക്കുകയും ചെയ്തു. അവിടെനിന്ന് അവർ ഹൈവേകളിലേക്കും അതിർത്തി പ്രദേശങ്ങളിലേക്കും സംഗീത പരിപാടിയിലേക്കും ഒന്നിലധികം റെസിഡൻഷ്യൽ ഏരിയകളിലേക്കും പോവുകയായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്.
ആധുനിക ഇസ്രായേലി ചരിത്രത്തിലെ ഏറ്റവും മാരകമായ ദിവസമായിട്ടാണ് ഒക്ടോബർ ഏഴ് കണക്കാക്കുന്നത്. ഇതിലേക്ക് നയിച്ച സർക്കാരിന്റെ പരാജയങ്ങളെക്കുറിച്ച് ദേശീയ അന്വേഷണ കമ്മീഷന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തണമെന്ന് ഇസ്രായേലി പ്രതിപക്ഷത്തിനുള്ളിൽനിന്നും സിവിൽ സമൂഹത്തിൽനിന്നും മുറവിളി ഉയർന്നതോടെയാണ് സൈനിക അന്വേഷണം നടത്തിയത്. അതേസമയം, യുദ്ധം അവസാനിച്ചശേഷം മാത്രമേ ദേശീയ അന്വേഷണം സാധിക്കൂ എന്ന നിലപാടിലാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.