ഗാസയില്‍ ഇസ്രയേലിന്റെ വ്യോമാക്രമണം; 60 പേര്‍ കൊല്ലപ്പെട്ടു

കെയ്‌റോ : യുഎസും അറബ് രാജ്യങ്ങളും നടത്തുന്ന മധ്യസ്ഥ ശ്രമങ്ങള്‍ക്കിടെ ഇസ്രയേല്‍ ഗാസയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടു. ഖാന്‍ യൂനിസിലാണ് ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടത്. താല്‍ക്കാലിക ടെന്റുകള്‍ക്കും അഭയാര്‍ഥി ക്യാംപുകള്‍ക്കും നേരെയായിരുന്നു ആക്രമണം.
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മിഡില്‍ ഈസ്റ്റ് സന്ദര്‍ശനത്തിനിടെയാണ് ആക്രമണമെന്നതും ശ്രദ്ധേയമാണ്. 1948 ലെ പലായനത്തിന്റെ ഓര്‍മയ്ക്ക് പലസ്തീനുകാര്‍ ‘നഖ്ബ’ ആചരിക്കുന്ന ദിവസമായിരുന്നു ഇന്നലെ. ബുധനാഴ്ചയുണ്ടായ ആക്രമണത്തില്‍ 80 പേര്‍ കൊല്ലപ്പെട്ടിരുന്നു.
അതിനിടെ, വെസ്റ്റ് ബാങ്കില്‍ നടന്ന വെടിവെയ്പില്‍ ഇസ്രയേല്‍ യുവതി കൊല്ലപ്പെട്ടത് സ്ഥിതി കൂടുതല്‍ സംഘര്‍ഷഭരിതമാക്കി. പ്രസവത്തിനായി ആശുപത്രിയിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണം. കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. സമീപത്തെ പലസ്തീന്‍ ഗ്രാമങ്ങളെ ആക്രമിക്കണമെന്ന നിലപാടുമായി വിവിധ നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.