ഗാസയില്‍ സൈനിക ഭരണം; ഇസ്രയേല്‍ അമേരിക്ക ചര്‍ച്ചകൾ പുരോഗമിക്കുന്നു

വാഷിങ്ടണ്‍ : ഒന്നര വര്‍ഷമായി അരലക്ഷം പിന്നിട്ട് വംശഹത്യ തുടരുന്ന ഗാസയില്‍ അധിനിവേശം പൂര്‍ണമാക്കി സൈനിക ഭരണം ഏര്‍പ്പെടുത്താന്‍ ഇസ്രയേല്‍. സഹായവിതരണം ഉള്‍പ്പെടെ ഏറ്റെടുത്ത് നിയന്ത്രണം സൈന്യം നേരിട്ട് നടത്തുന്ന പദ്ധതി യുഎസ് ഉന്നത നേതൃത്വവുമായി ചര്‍ച്ച ചെയ്യുമെന്ന് മുതിര്‍ന്ന ഇസ്രയേല്‍ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക് വാള്‍ട്‌സ്, രഹസ്യാന്വേഷണ, പ്രതിരോധ, നയതന്ത്ര വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവരുമായി ഇസ്രയേല്‍ നയകാര്യ മന്ത്രി റോണ്‍ ഡെര്‍മറാണ് ചര്‍ച്ച നടത്തുക. ഇതിനായി ഞായറാഴ്ചയോടെ യുഎസിലേയ്ക്ക് തിരിച്ച ഡെര്‍മര്‍ക്കൊപ്പം ഇസ്രയേല്‍ ദേശീയ സുരക്ഷ കൗണ്‍സില്‍, ഐഡിഎഫ്, മൊസാദ്, വിദേശകാര്യമന്ത്രാലയം, ആണവോര്‍ജ ഏജന്‍സി എന്നിവയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരടങ്ങിയ സംഘവുമുണ്ട്.
ഗാസയെ സൈനിക ഭരണത്തിലാക്കുന്ന തീരുമാനം ഇതുവരെ ഇസ്രയേല്‍ സ്വീകരിച്ചിരുന്നില്ല. എന്നാല്‍ യുഎസ് പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് ഭരണമേറിയതിനൊപ്പം ഇസ്രയേലില്‍ പുതിയ സൈനിക മേധാവിയും പ്രതിരോധ മന്ത്രിയും ചുമതലയേറ്റതോടെയാണ് നിലപാട് മാറുന്നത്. പൂര്‍ണാര്‍ഥത്തില്‍ ഗസയെ വരുതിയിലാക്കാന്‍ അഞ്ച് ഐഡിഎഫ് ഡിവിഷനുകള്‍ വേണ്ടി വരുമെന്നാണ് ഇസ്രയേല്‍ കണക്കുകൂട്ടല്‍.
ട്രംപ് അധികാരമേറ്റയുടന്‍ ഗസ്സ അമേരിക്കന്‍ നിയന്ത്രണത്തിലുള്ള വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ ലോകം മുഴുക്കെ പ്രതിഷേധം ശക്തമായതിനൊപ്പം ട്രംപിന്റെ നീക്കത്തിന് ബദലായി അറബ് രാജ്യങ്ങള്‍ ഗസ്സ പുനര്‍നിര്‍മാണ പദ്ധതി അവതരിപ്പിക്കുകയും ചെയ്തു. ഇതിനിടെയാണ് ഇസ്രയേല്‍ നേരിട്ട് സമ്പൂര്‍ണ അധിനിവേഷവും സൈനിക ഭരണവും നടപ്പാക്കൊരുങ്ങുന്നത്.