അന്തർദേശീയം

പ്രക്ഷോഭകാരികള്‍ ദൈവത്തിന്റെ ശത്രുക്കൾ; ശക്തമായ നടപടി : ഇറാന്‍

ടെഹ്‌റാന്‍ : സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രണ്ടാഴ്ച പിന്നിടുമ്പോള്‍ സാഹചര്യങ്ങള്‍ ഇറാനിലെ രൂക്ഷമാകുന്നു. പ്രക്ഷോഭകരെ ശക്തമായി നേരിടുമെന്ന് ഇറാന്‍ ഭരണകൂടം വ്യക്തമാക്കുമ്പോള്‍, പ്രക്ഷോഭകാരികള്‍ക്ക് അന്താരാഷ്ട്ര പിന്തുണയും വര്‍ധിക്കുകയാണ്. പ്രതിഷേധങ്ങളെ ‘അക്രമപരമായ അട്ടിമറി ശ്രമങ്ങള്‍ എന്നും, നശീകരണ പ്രവര്‍ത്തനം എന്നുമാണ് ഇറാന്‍ ഭരണകൂടം വിശേഷിപ്പിക്കുന്നത്.

പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്നവരെ ‘ദൈവത്തിന്റെ ശത്രുവായി’ കണക്കാക്കുമെന്നും വധശിക്ഷ നല്‍കുമെന്നും ഇറാന്‍ അറ്റോര്‍ണി ജനറല്‍ മുഹമ്മദ് മൊവാഹെദി ആസാദ് മുന്നറിയിപ്പ് നല്‍കി. അമേരിക്ക നല്‍കിയ മുന്നറിയിപ്പുകള്‍ തള്ളി ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനി രംഗത്തെത്തിയതിന് പിന്നാലെയാണ് അറ്റോര്‍ണി ജനറല്‍ നിലപാട് കടുപ്പിക്കുന്നത്. കലാപകാരികളെ സഹായിച്ചവര്‍ പോലും കുറ്റം നേരിടേണ്ടിവരുമെന്നാണ് ഇറാനിയന്‍ സ്റ്റേറ്റ് ടെലിവിഷന്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ അദ്ദേഹം അറിയിച്ചത്. രാജ്യത്തെ ഒറ്റിക്കൊടുക്കുകയാണ് പ്രതിഷേധക്കാര്‍ ചെയ്യുന്നത്. അരക്ഷിതാവസ്ഥ സൃഷ്ടിച്ചുകൊണ്ട്, രാജ്യത്തിന്റെ മേല്‍ വിദേശ ആധിപത്യം കൊണ്ടുവരാന്‍ ശ്രമിക്കുന്നു. ഇത്തരക്കാരെ യാതൊരു അനുകമ്പയും ഇല്ലാതെ നേരിടും എന്നാണ് പ്രസ്താവനയുടെ ചുരുക്കം.

ഇതിന് പിന്നാലെ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പ്രതിഷേധക്കാര്‍ക്ക് പിന്തുണ വാഗ്ദാനം ചെയ്ത് രംഗത്തെത്തി. ഇറാനിലെ ധീരരായ ജനങ്ങളെ അമേരിക്ക പിന്തുണയ്ക്കുന്നു എന്നാണ് മാര്‍ക്ക് റൂബിയോയുടെ പ്രതികരണം. യുഎസ് പ്രസിഡന്റിനോട് ഏറ്റുമുട്ടലിന് നില്‍ക്കരുതെന്ന് യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റും വ്യക്തമാക്കുന്നു. ‘പ്രസിഡന്റ് ട്രംപുമായി കളിക്കരുത്. അദ്ദേഹം എന്തെങ്കിലും ചെയ്യുമെന്ന് പറയുന്നുണ്ടെങ്കില്‍, അത് ചെയ്യും എന്ന് അര്‍ത്ഥമാക്കുന്നു.’ എന്നാണ് മുന്നറിയിപ്പ്.

അതിനിടെ, ഇറാനിലെ സംഭവങ്ങളില്‍ ഐക്യരാഷ്ട്രസഭ ആശങ്ക അറിയിച്ചു. അസ്വസ്ഥത ഉണ്ടാക്കുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നതെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ വക്താവ് സ്റ്റെഫാന്‍ ഡുജാറിക് പറഞ്ഞു. സമാധാനപരമായി പ്രകടനം നടത്താന്‍ ‘ലോകത്തെവിടെയുമുള്ള അവകാശമുണ്ട്, ആ അവകാശം സംരക്ഷിക്കാനും ഉറപ്പാക്കാനും സര്‍ക്കാരുകള്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും സ്റ്റെഫാന്‍ ഡുജാറിക് പറഞ്ഞു.

‘ഇറാന്‍ അധികാരികള്‍ക്ക് സ്വന്തം ജനങ്ങളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തമുണ്ടെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, യുകെ പ്രധാനമന്ത്രി സര്‍ കെയര്‍ സ്റ്റാര്‍മര്‍, ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പ്രതികരിച്ചു. പ്രതികാര നടപടികളെ ഭയപ്പെടാതെ അഭിപ്രായ സ്വാതന്ത്ര്യത്തിനും സമാധാനപരമായ സമ്മേളനങ്ങളും അനുവദിക്കാന്‍ ഇറാന്‍ തയ്യാറാകണം എന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

അതിനിടെ, പ്രക്ഷോഭകാരികളെ പിന്തുപണച്ച് 1979ല്‍ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ഷാ മുഹമ്മദ് റിസാ പഹ്ലവിയുടെ മകന്‍ റിസാ പഹ്ലവി രംഗത്തെത്തി. നഗര കേന്ദ്രങ്ങള്‍ പിടിച്ചെടുക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. തെരുവിലിറങ്ങുന്നത് മാത്രമാകരുത് നമ്മുടെ ലക്ഷ്യം, നഗര കേന്ദ്രങ്ങള്‍ നിയന്ത്രണത്തിലാക്കണമെന്നും അദ്ദേഹം പ്രതികരിച്ചു. രാജ്യത്തേക്ക് മടങ്ങാന്‍ തയാറെടുക്കുകയാണെന്നും റിസാ പഹ്ലവി വിഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി. ഗതാഗതം, ഇന്ധനം, വൈദ്യുതി തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ പണിമുടക്കി പ്രക്ഷോഭത്തിനു പിന്തുണ നല്‍കണമെന്നും റിസാ പഹ്ലവി അഭ്യര്‍ഥിച്ചു. റിസാ പഹ്ലവി ഇറാനിലേക്കു മടങ്ങി വരണമെന്ന് പ്രക്ഷോഭകാരികള്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പ്രതികരണം. ഷാ മുഹമ്മദ് റിസാ പഹ്ലവിയുടെ ഭരണം 1979 ലെ വിപ്ലവത്തിലൂടെ അവസാനിപ്പിക്കുമ്പോള്‍ യുഎസില്‍ പൈലറ്റ് പരിശീലനത്തിലായിരുന്നു റിസാ പഹ്‌ലവി. പിന്നീട് വര്‍ഷങ്ങളായി യുഎസില്‍ കഴിഞ്ഞുവരികയായിരുന്നു അദ്ദേഹം.

അതേസമയം, ഇറാന്‍ പ്രക്ഷോഭത്തില്‍ മരണ സംഖ്യ ഉയരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. 62 പേര്‍ മരിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന കണക്കുകള്‍. എന്നാല്‍ യഥാര്‍ഥ കണക്ക് ഇതിലും എത്രയോ വലുതാണെന്നാണ് റിപ്പോര്‍ട്ട്. ആശുപത്രികള്‍ പരിക്കേറ്റവരെക്കൊണ്ട് നിറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2,300 ല്‍ അധികം പേരെ സുരക്ഷാ സേന കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് യുഎസ് ആസ്ഥാനമായുള്ള ഹ്യൂമന്‍ റൈറ്റ്‌സ് ആക്ടിവിസ്റ്റ്‌സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button