സുമുദ് ഫ്‌ലോട്ടില്ല പിടിച്ചെടുത്ത് ഇസ്രയേല്‍; ഗ്രെറ്റ തുന്‍ബര്‍ഗ് ഉള്‍പ്പെടെ തടവില്‍

ഗാസ സിറ്റി : ഗാസയിലേക്കുള്ള സഹായ സാധനങ്ങളുമായെത്തിയ കപ്പലുകള്‍ പിടിച്ചെടുത്ത് ഇസ്രയേല്‍. കപ്പലില്‍ ഉണ്ടായിരുന്ന പരിസ്ഥിതി ആക്ടിവിസ്റ്റ് ഗ്രെറ്റ തുന്‍ബര്‍ഗ് അടക്കമുള്ളവരെ സൈന്യം കസ്റ്റഡിയില്‍ എടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വെടിനിര്‍ത്തല്‍ പദ്ധതിയില്‍ ഹമാസിന്റെ നിലപാട് കാത്തിരിക്കെ ഇസ്രയേല്‍ ഗാസയ്ക്ക് മേല്‍ ആക്രമണം കടുപ്പിക്കുന്നതിനിടെയാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
ഗാസയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ തങ്ങളുടെ എട്ട് കപ്പലുകള്‍ ഇസ്രായേല്‍ സൈന്യം തടഞ്ഞതായി ഗ്ലോബല്‍ സുമുദ് ഫ്‌ലോട്ടില്ലയെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമ റിപോര്‍ട്ടുകള്‍ പറയുന്നു. ഡെയര്‍ യാസിന്‍/മാലി, ഹുഗ, സ്‌പെക്ടര്‍, അഡാര, അല്‍മ, സിറിയസ്, അറോറ, ഗ്രാന്‍ഡെ ബ്ലൂ എന്നീ ബോട്ടുകളാണ് ഇസ്രയേല്‍ പിടിച്ചെടുത്തെന്നാണ് സ്ഥരീകരണം. ഫ്‌ലോട്ടിലയ്ക്ക് എതിരെ നടപടി പാടില്ലെന്ന അന്താരാഷ്ട്ര സമ്മര്‍ദം തള്ളിക്കൊണ്ടാണ് ഇസ്രയേല്‍ നടപടി. യുഎന്‍ പ്രത്യേക റിപ്പോര്‍ട്ടര്‍ ഫ്രാന്‍സെസ്‌ക അല്‍ബനീസ്, കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ ഉള്‍പ്പെടെയുള്ളവര്‍ ഇതേ ആവശ്യം ഉന്നയിച്ചിരുന്നു.
അതേസമയം, ഗാസയ്ക്ക് മേല്‍ ആക്രമണം തുടരുന്ന ഇസ്രയേല്‍ സൈന്യം ഗാസ സിറ്റി വളഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. ഗാസയിലുള്ളവര്‍ക്ക് നഗരം വിടാനുള്ള അവസാന അവസരം എന്നാണ് സൈനിക നടപടിക്ക് പിന്നാലെ ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സിന്റെ മുന്നറിയിപ്പ്. ഇസ്രയേല്‍ ആക്രമണത്തില്‍ ഇന്നലെ മാത്രം 65 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തെ തുടര്‍ന്ന് റെഡ് ക്രോസ് ഇവിടുത്തെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഗസ്സ നഗരം പൂര്‍ണമായി പിടിച്ചെടുക്കാനാണ് ഇസ്രായേല്‍ നീക്കം. ഇതിന്റെ ഭാഗമായി നഗരത്തിലേക്കുള്ള റോഡുകള്‍ ഉള്‍പ്പെടെ ഇസ്രയേല്‍ സൈന്യം അടച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.